NEWSROOM

ഗാസയിലും ബെയ്റൂട്ടിലും ഇസ്രയേൽ ബോംബ് വർഷം; ഗാസയിൽ മാത്രം മരണം 24 കടന്നു

ഇസ്രയേൽ ആക്രമണം ആരോഗ്യ കേന്ദ്രങ്ങളെ ബാധിച്ചതിനെ തുടർന്ന് ലബനനിലെ ആശുപത്രികൾ കഴിഞ്ഞ ദിവസം അടച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

ബെയ്‌റൂട്ടിലും ഗാസയിലും വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. ഗാസയിലെ പള്ളിയിലും സ്കൂളിലും ഉൾപ്പെടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. 93 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗാസയിൽ പള്ളിയും സ്കൂളും ഉൾപ്പെടെ 27 ഇടത്ത് ഇന്നലെ രാത്രിയോടെ ഉഗ്ര സ്ഫോടനമുണ്ടായിട്ടുണ്ട്. മരണ സംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് ആശങ്ക.

ലബനനിലെ ബെയ്റൂട്ടിൽ ഹിസ്ബുള്ളയുടെ ആയുധപ്പുരകൾ ഉൾപ്പെടെ 30 ഇടത്ത് വ്യോമാക്രമണം നടന്നതായും അൽ ജസീറ റിപ്പോർട്ട് ചെയ്തു. തെക്കൻ ബെയ്‌റൂട്ടിലെ ദഹിയെ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശനിയാഴ്ച രാത്രി തുടർച്ചയായി വ്യോമാക്രമണം നടന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞതായി റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്‌തു. 



ഇസ്രയേൽ ആക്രമണം ആരോഗ്യ കേന്ദ്രങ്ങളെ ബാധിച്ചതിനെ തുടർന്ന് ലബനനിലെ ആശുപത്രികൾ കഴിഞ്ഞ ദിവസം അടച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11 പാരാമെഡിക്കുകൾ കൊല്ലപ്പെട്ടതായി ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട ആരോഗ്യ സംഘടന അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലബനനിലെ ആശുപത്രികൾക്ക് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 37 ഓളം ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടുകയും, നിരവധി മെഡിക്കൽ സ്റ്റാഫുകൾ കൊല്ലപ്പെടുകയും ചെയ്‌തിട്ടുണ്ടെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു. 

കഴിഞ്ഞ ദിവസം ആശുപത്രിയുടെ പ്രവേശന വഴിയിൽ രണ്ട് ആംബുലൻസുകളിൽ വ്യോമാക്രമണം നടക്കുകയും ഏഴ് പാരാമെഡിക്കുകൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ആശുപത്രി അടച്ചിടുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് തെക്കൻ ലബനനിലെ മർജയൂൺ സർക്കാർ ആശുപത്രി ഡയറക്ടർ ഡോ മൗൺസ് കലാകിഷ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്‌തിരുന്നു. ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് ആസ്ഥാനത്തേക്ക് ആക്രമണം നടത്തിയെന്ന് കഴിഞ്ഞ ദിവസം ഇസ്രയേൽ അവകാശപ്പെട്ടിരുന്നു.

SCROLL FOR NEXT