ഉത്തർ പ്രദേശിൽ വലിയ നാശം വിതച്ച് കനത്ത മഴ തുടരുന്നു. സംസ്ഥാനത്ത് 12 ജില്ലകളിലായി, 633 ഗ്രാമങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. മഴ നാശം വിതച്ച പ്രദേശങ്ങളിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദർശനം നടത്തി. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും ഉണ്ടായി. പലയിടത്തും റോഡ് ഗതാഗതം താറുമാറായി.
അസമിൽ പ്രളയത്തിൽ ഇതിനോടകം 84 പേർ മരിച്ചു. കാസിരംഗ ദേശീയോദ്യാനത്തിലെ വെള്ളപ്പൊക്കത്തിൽ 174 മൃഗങ്ങൾ ചത്തു. ആഗസ്റ്റ് 15ന് മുമ്പ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് തിരികെ പോകാൻ കഴിയുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ പറഞ്ഞു.
ബ്രഹ്മപുത്രയിലും കൈവഴികളിലും ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലാണ്. മഹാരാഷ്ട്രയിലും കനത്ത മഴ തുടരുന്നു. മുംബൈയിൽ കനത്ത മഴ കണക്കിലെടുത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. താനെയിൽ യെല്ലോ അലേർട്ട് ആണ്. മുംബൈ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ട്രെയിൻ വ്യോമ ഗതാഗതത്തേയും മഴ കാര്യമായി ബാധിച്ചു.