സംസ്ഥാനത്ത് കാലവർഷം ശക്തം. കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് തുടരും. വ്യാഴം, വെള്ളി ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്കു സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. പ്രളയ സാധ്യത കണക്കിലെടുത്ത് നദികളിൽ റെഡ്, ഓറഞ്ച് അലർട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ നാളെ രാത്രിവരെ 9 തീരദേശജില്ലകളില്‍ റെഡ് അലേർട്ട് തുടരും.
ബംഗാൾ ഉൾക്കടലിനു മുകളിലായി രൂപപ്പെട്ട ന്യുനമർദ്ദത്തെ തുടർന്ന് കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 30 വരെ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും 31 വരെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് പലഭാഗങ്ങളിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി. വിവിധ ജില്ലകളില്‍ വീടുകള്‍ക്ക് മുകളില്‍ മരംവീണു.
ഒരു കുട്ടി ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. എറണാകുളം കോതമംഗലത്തും പാലക്കാട് അട്ടപ്പാടിയിലും തിരുവനന്തപുരം വെങ്ങാനൂരും കോഴിക്കോട് കപ്പക്കലിലും ശക്തമായ കാറ്റിലും മഴയിലും വന്‍ നാശനഷ്ടം. കോഴിക്കോട് അരീക്കാട് മരം വീണതിനെ തുടർന്ന് തകരാറിലായ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു.
കോഴിക്കോട് വിവിധ ഭാഗങ്ങളിലായി 60 വീടുകൾ ഭാഗികമായി തകർന്നു. കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴയിൽ ജില്ലയിൽ 5.8 കോടി രൂപയുടെ കൃഷിനാശമുണ്ടായി. കനത്ത കാറ്റിലും മഴയിലും ജില്ലയില്‍ കെഎസ്ഇബിക്ക് 1.25 കോടിയുടെ നഷ്ടമാണുണ്ടായത്. മലപ്പുറത്ത് ഇതുവരെ 144 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 81 വീടുകള്‍ ഭാഗികമായി നശിച്ചു. ആറ് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.
Also Read: വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപണം; അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി മർദിച്ചു
എറണാകുളം ജില്ലയില്‍ നാലുദിവസമായി തുടരുന്ന മഴയില്‍ 2 വീടുകള്‍ പൂർണ്ണമായും 79 വീടുകള്‍ ഭാഗികമായും തകർന്നു. തൃശ്ശൂർ ചാവക്കാട്,കുന്നംകുളം മുകുന്ദപുരം താലൂക്കുകളിൽ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് 122 വീടുകൾക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. കാട്ടൂർ - താന്ന്യം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുനയം ബണ്ട് ഇടിഞ്ഞതും, ശക്തമായ വെള്ളപ്പാച്ചിലില്‍ കല്ലങ്കരമാട് പ്രദേശത്ത് തീരം ഇടിയുന്നതും മൂലം പ്രദേശവാസികളായ എട്ട് കുടുംബങ്ങൾ ഭീതിയിലാണ്.
അപകടകരമായ നിലയില്‍ നദികള്‍ കരകവിഞ്ഞൊഴുകാനുള്ള സാധ്യത കണക്കിലെടുത്ത് വിവിധ നദികള്‍ക്ക് റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ നല്‍കി. മീനച്ചിൽ, അച്ചൻകോവിൽ, മണിമല, കോരപ്പുഴ നദികളില്‍ ഓറഞ്ച് അലർട്ടും, ഭാരതപ്പുഴ, കബനി, ഉപ്പള, പെരുമ്പ, വാമനപുരം നദികളില്‍ യെല്ലോ അലർട്ടുമാണ് നല്‍കിയിരിക്കുന്നത്. കനത്ത മഴയില്‍ ഭാരതപ്പുഴ, ചാലിയാർ, ചെറുപുഴ, ഇരുവഴിഞ്ഞിപ്പുഴകളിൽ ജലനിരപ്പ് ഉയരുകയാണ്. ഈ നദികളുടെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറ്റിറ്റി അറിയിച്ചു.
കേരള തീരത്ത് ശക്തമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. നാളെ രാത്രി വരെ 9 തീരദേശ ജില്ലകളില്‍ റെഡ് അലർട്ട് പുറപ്പെടുവിച്ചു. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ 31ാം തീയതി വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.