കനത്ത കാറ്റിലും മഴയിലും സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കനത്ത മഴയിൽ കൂറ്റൻ മരം കടപുഴകി കാറിനു മുകളിൽ വീണ് ഒരാൾ മരിച്ചു. രാജകുമാരി പണ്ടിപ്പാറ കുപ്പംമല സ്വദേശി പൊന്നച്ചൻ എന്ന ജോസഫ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ജോസഫിൻ്റെ ഭാര്യ അന്നമ്മ മകൾ അഞ്ചുമോൾ മരുമകൻ ജോബി ജോൺ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഉച്ചയ്ക്ക് ശേഷം രണ്ടര മണിയോടെ കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്തിനു സമീപം വില്ലാഞ്ചിറയിലാണ് അപകടമുണ്ടായത്. കൂറ്റൻ മരം കടപുഴകി KSRTC ബസിനും പിന്നിലുണ്ടായിരുന്ന കാറിനും മുകളിലേക്ക് വീഴുകയായിരുന്നു . പരിക്കേറ്റവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും ഫയർ ആൻഡ് റെസ്ക്യൂ ടീമും പൊലീസും ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്. വനംവകുപ്പിൻ്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടികാട്ടി പ്രദേശവാസികൾ രോഷാകുലരായി. ആറ് മണിയോടെ നിലംപതിച്ച കൂറ്റൻ മരം വെട്ടിമാറ്റി ദേശീയ പാതയിൽ ഗതാഗതം പുനസ്ഥാപിച്ചു.
പത്തനംതിട്ട ചെന്നീർക്കരയിൽ മരം ഒടിഞ്ഞുവീണ് വീടിന് നാശനഷ്ടം സംഭവിച്ചു. ഇന്ന് വൈകിട്ട് പ്രദേശത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും ആണ് സംഭവം. ചെന്നീർക്കര സ്വദേശി ചാലുങ്കൽ സുരേഷിൻ്റെ വീടിനാണ് കേടുപാടുകളുണ്ടായത്. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അയൽവാസിയുടെ പറമ്പിലെ തേക്കുമരമാണ് സുരേഷിൻ്റെ വീടിന് മുകളിലേക്ക് ഒടിഞ്ഞു വീണത്.
കണ്ണൂർ ചെറുപുഴയിൽ കനത്തമഴയില്‍ വീടിന് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു. മണ്ണും കല്ലും വീണ് വീടിന് കേടുപാടുകളുണ്ടായി. ചെറുപുഴ ടൗണിന് സമീപം ഞായറാഴ്ച വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം. പുത്തന്‍വീട്ടില്‍ സോനയുടെ വീടിൻ്റെ മുകളിലേക്കാണ് തൊട്ടുമുകളിലത്തെ വീടിൻ്റെ സംരക്ഷണഭിത്തിയും മതിലും ഉള്‍പ്പെടെ ഇടിഞ്ഞ് വീണത്. വീടിൻ്റെ വര്‍ക്ക് ഏരിയക്ക് മുകളിലേക്ക് മതിൽ പതിക്കുകയായിരുന്നു. വീടിൻ്റെ തൂണിലും ചുമരിലും വിള്ളല്‍ വീണിട്ടുണ്ട്. ടെറസിലേക്ക് കയറാനായിട്ടുള്ള ഇരുമ്പ് ഗോവണിയും തകര്‍ന്നിട്ടുണ്ട്. വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴാണ് വീട്ടിലേക്ക് മണ്‍തിട്ടയും കല്ലുകളും ഇടിഞ്ഞുവീണതായി അറിഞ്ഞത്. കൂട്ടുക്കര ജനാര്‍ദ്ദനൻ്റെ വീടിൻ്റെ മുറ്റം കെട്ടിയ സംരക്ഷണ ഭിത്തിയാണ് തകര്‍ന്ന് താഴേക്ക് പതിച്ചത്. മുറ്റം ഇടിഞ്ഞതോടെ ഈ വീടും അപകടാവസ്ഥയിലാണ്.
അതേസമയം സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. 3 ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം ജില്ലയിലും നാളെ കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മറ്റന്നാൾ വയനാട് ജില്ലയിലുമാണ് നിലവിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.