സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ്, കണ്ണൂർ, വയനാട്, മലപ്പുറം, തൃശൂർ, പാലക്കാട്, കോഴിക്കോട്, പത്തനംതിട്ട , എറണാകുളം ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കേരളതീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നതായും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് നൽകിയ അറിയിപ്പിൽ പറയുന്നുണ്ട്. ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായാണ് പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്. ട്യൂഷൻ സെൻ്ററുകളും പ്രവർത്തിക്കാൻ പാടില്ലെന്ന നിർദേശവും നൽകിയിട്ടുണ്ട്.
കണ്ണൂരിൽ മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കില്ലെന്ന് കളക്ടർ വ്യക്തമാക്കി. തൃശൂര്‍ ജില്ലയില്‍ ശക്തമായി മഴയും കാറ്റും തുടരുന്നതിനാലും പല സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനിടെ കാലവർഷക്കെടുതി നേരിടാൻ തദ്ദേശസ്ഥാപനങ്ങൾക്ക് തനത് ഫണ്ട് യഥേഷ്ടം ചെലവിടാമെന്ന് തദ്ദേശ വകുപ്പ് നിർദേശം നൽകി.