NEWSROOM

കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി

Author : ന്യൂസ് ഡെസ്ക്

കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്‌സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയും കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പും കണക്കിലെടുത്താണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ടയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിക്കുന്ന സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കണ്ണൂരും കോഴിക്കോടും റെഡ് അലേർട്ടും, ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കേരളതീരത്ത് 75 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കുമെന്നും മുന്നറിയിപ്പുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ഒഡിഷയ്ക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന നിലവിലെ ന്യൂനമർദം ദുർബലമായതിന് ശേഷം, ഏകദേശം ജൂലൈ 19ന് വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയൊരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിൻ്റെ ഫലമായി ഈ സമയത്ത് അറബിക്കടലിലെ കാലവർഷക്കാറ്റ് സജീവമായി തന്നെ തുടരാൻ സാധ്യതയുണ്ട്. കേരളത്തിൽ വ്യാപക മഴയും ഉണ്ടായേക്കും.

SCROLL FOR NEXT