ഡൽഹിയിലെ വിവിധയിടങ്ങളിൽ ശനിയാഴ്ച പുലർച്ചെയും നേരിയ മഴ തുടരുന്നു. നോയിഡ, ഗാസിയാബാദ് എന്നിവയുൾപ്പെടെ എൻസിആറിന്റെ നിരവധി പ്രദേശങ്ങളിലാണ് നേരിയ ചാറ്റൽ മഴ തുടരുന്നത്. ഡൽഹിയുടെ ഉത്തര ദക്ഷിണ മേഖലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധയിടങ്ങളിൽ നേരിയ മഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥ വകുപ്പ് ഡൽഹിയിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലും നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ഹരിയാനയിലെ പല ജില്ലകളിലും മഴ തുടരുന്ന സാഹചര്യത്തിൽ ഐഎംഡിയും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ബഹാദുർഗഡ്, കുരുക്ഷേത്ര, കൈതാൽ, കർണാൽ, രജൗണ്ട്, അസാന്ദ്, സഫിഡോൺ, ജിന്ദ്, പാനിപ്പത്ത്, ഗൊഹാന, ഗനൗർ, ഹൻസി, മെഹം, സോനിപത്, തോഷം, റോഹ്തക്, ഖാർഖോഡ, ഭിവാനി, ഖാർഖോഡ, ഭിവാനി, ചാർഖി ദഹയിൽ തുടങ്ങിയ സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ഐഎംഡി പറയുന്നു. കൂടാതെ, മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ദേശീയ തലസ്ഥാനത്ത് ശരാശരി കുറഞ്ഞ താപനില 11.6 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്താറ്. എന്നാൽ ഈ വർഷം ഫെബ്രുവരിയിൽ ഡൽഹിയിൽ രേഖപ്പെടുത്തിയത് 26.7 ഡിഗ്രി സെൽഷ്യസാണ്. ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയാണിത്. 2017-ലാണ് അവസാനമായി ഇത്രയും ഉയർന്ന താപനില രേഖപ്പെടുത്തിയതെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ദേശീയ തലസ്ഥാനത്ത് ഇന്ന് പെയ്ത മഴ കടുത്ത ചൂടിൽ നിന്നും ഡൽഹി നിവാസികൾക്ക് ആശ്വാസം നൽകി.