ഇടുക്കിയില്‍ ഇന്നും അതിതീവ്ര മഴ തുടർന്നേക്കുമെന്ന് മുന്നറിയിപ്പ്. വിവിധയിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായതോടെ പല പ്രദേശങ്ങളിലും ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഡാമുകളുടെ ഷട്ടറുകള്‍ തുറന്നതിനാല്‍ നദീതിരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കാന്‍ അധികൃതർ അറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്നലെ ശക്തിയായി പെയ്ത മഴയില്‍ പള്ളിവാസലില്‍ അന്തർ സംസ്ഥാന പാതയില്‍ മണ്ണിടിച്ചിലുണ്ടായതോടെ ഈ പ്രദേശത്തെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മൂന്നാർ മേഖലയിലേക്ക് കടക്കുവാനുള്ള ഗ്യാപ്, ചിന്നാർ പാതകളിലും മണ്ണിടിഞ്ഞിട്ടുണ്ട്. കൊച്ചി- ധനുഷ്കോടി ദേശീയ പാതയില്‍ മണ്ണിടിഞ്ഞതോടെ ഗ്യാപ് റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുകയാണ്. വാഗമണ്‍-ഉളുപ്പുണി റോഡിലും മണ്ണിടിഞ്ഞിട്ടുണ്ട്.
മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് രാജകുമാരി വില്ലേജിലെ 7 കുടുംബങ്ങളെ ഖജനാപ്പാറ ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കട്ടപ്പന അഞ്ചുരുളി ഭാസി വളവിന് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ വ്യാപകമായ നാശനഷ്ടമാണുണ്ടായത്. മലവെള്ളപ്പാച്ചിലില്‍ ഇടുക്കി പനംകുട്ടി ചപ്പാത്ത് കരകവിഞ്ഞു.
മഴ കനത്തതോടെ കല്ലാർകുട്ടി, പൊന്മുടി, മലങ്കര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. നദീ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. അപകട സാധ്യത കണക്കിലെടുത്ത് ജില്ലയിലേക്കുള്ള രാത്രി യാത്രയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലായി നാലു ദുരിതാശ്വാസ ക്യാമ്പുകളാണ് ഇടുക്കിയില്‍ പ്രവർത്തിക്കുന്നത്.