കനത്ത മഴയിൽ പുഴ കവിഞ്ഞൊഴുകിയതിന് പിന്നാലെ മുങ്ങിപോവുകയും തുടർന്ന് അടച്ചിടുകയും ചെയ്ത പട്ടാമ്പി പാലം ഗതാഗതത്തിനായി തുറന്നു. മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് പാലം തുറക്കാൻ തീരുമാനിച്ചത്. ഒരു സമയം ഒരു ഭാഗത്തേക്കുള്ള വാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് പട്ടാമ്പി പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ജെസിബി ഉപയോഗിച്ച് പാലത്തിലെ കോണ്ക്രീറ്റ് ബീമുകൾ മാറ്റി. അതിനു ശേഷം ചെറുവാഹനങ്ങളും ബസും പാലത്തിലൂടെ കടത്തിവിട്ടു. വീപ്പ ഉപയോഗിച്ച് താൽക്കാലിക കൈവരിയും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മന്ത്രി കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പാലം തുറന്നുകൊടുക്കാൻ തീരുമാനമായത്.
പാലത്തിന് മുകളിൽ ആവശ്യമായ സുരക്ഷ ഒരുക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയിൽ മുങ്ങിപ്പോയ പട്ടാമ്പി പാലത്തിൻറെ കൈവരികൾ ഒഴുകിപ്പോയിരുന്നു. തുടർന്ന് ഗതാഗതം നിർത്തിവെക്കുകയായിരുന്നു. പാലത്തിലൂടെ വാഹന ഗതാഗതം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.