NEWSROOM

കോഴിക്കോട് മലയോര പ്രദേശങ്ങളില്‍ കനത്ത മഴ; ഇരുവഞ്ഞിപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍

സമീപ ജില്ലകളായ കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലും മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്


കോഴിക്കോട് മലയോര പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് പിന്നാലെ മലവെള്ളപ്പാച്ചില്‍. മുത്തപ്പന്‍പുഴ ഇരുവഞ്ഞി പുഴയിലാണ് മലവെള്ളപാച്ചില്‍. കോഴിക്കോട് ജില്ലയിലാകെ മഴ പെയ്യുന്നുണ്ടെങ്കിലും മലയോര മേഖലയില്‍ മഴ ശക്തമാണ്. വൈകീട്ടോടെയാണ് ഈ പ്രദേശങ്ങളില്‍ മഴ ശക്തിപ്രാപിച്ചത്.

അതേസമയം കോഴിക്കോട് ജില്ലയില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മഴയുണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ജില്ലയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ഇല്ല. സമീപ ജില്ലകളായ കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലും മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ ആലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

കേരളാ തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി പ്രത്യേക ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത് 14/05/2025 ന് രാത്രി 11.30 വരെ 0.4 മുതല്‍ 0.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു.

കന്യാകുമാരി തീരത്ത് 14/05/2025 ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് കാലവര്‍ഷം മെയ് 27ന് എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. സാധാരണയിലും അഞ്ച് ദിവസം നേരത്തെയാണ് കാലവര്‍ഷമെത്തുക.

SCROLL FOR NEXT