കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തൃശൂരിൽ നൂറ് കണക്കിന് കുടുംബങ്ങൾ ഒറ്റപ്പെട്ടു. പുതുക്കാട്, നെന്മണിക്കര, തൃക്കൂർ, അളഗപ്പ നഗർ പഞ്ചായത്തുകളിലാണ് ഗുരുതര സാഹചര്യം നിലനില്‍ക്കുന്നത്. ജില്ലയില്‍ 96 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 1292 കുടുംബങ്ങളില്‍ നിന്നും 3980 പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
പീച്ചി ഡാമിൻ്റെ ഷട്ടറുകൾ തുറന്നതിനെ തുടർന്ന് മണലി, കുറുമാലി പുഴകൾ കരകവിഞ്ഞ് ഒഴുകിയതാണ് വെള്ളപ്പൊക്കത്തിനു കാരണം. കരുവന്നൂർ പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഭാരതപ്പുഴയില്‍ കേന്ദ്ര ജലകമ്മീഷൻ പ്രളയമുന്നറിയിപ്പ് നൽകി.
ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള നിരോധനം നാളെ വരെ തുടരും. ചാലക്കുടി മലക്കപ്പാറ വഴിയുള്ള രാത്രികാല യാത്രകൾക്കടക്കം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ശക്തമായ മഴ ഈ പ്രദേശത്തിലൂടെയുള്ള ട്രെയിൻ സർവീസുകളെയും ബാധിച്ചിട്ടുണ്ട്.