NEWSROOM

തമിഴ്നാട്ടിൽ നാശം വിതച്ച് ഫെൻജൽ, ചെന്നൈയിലും പുതുച്ചേരിയിലും അതിതീവ്ര മഴ; പ്രളയക്കെടുതിയിൽ മരണം നാലായി

ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് പുതിയ തീവ്ര ന്യൂനമർദ്ദമായി മാറുമെന്നാണ് ഇപ്പോൾ കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്

Author : ന്യൂസ് ഡെസ്ക്


ഫെൻജൽ ചുഴലിക്കാറ്റിന്റെ ഫലമായി തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും കനത്ത മഴ തുടരുന്നു. പ്രളയക്കെടുതിയിൽ ഇതുവരെ നാല് മരണം ആണ് റിപ്പോർട്ട് ചെയ്തത്. വൈദ്യുതാഘാതമേറ്റ് ചെന്നൈയില്‍ മൂന്നുപേരും പുതുച്ചേരിയില്‍ ഒരാളുമാണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെയാണ് ഫെൻജൽ ചുഴലിക്കാറ്റ് കാരയ്ക്കലിനും മഹാബലിപുരത്തിനും മധ്യേ കരയിൽ പ്രവേശിച്ചത്. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് പുതിയ തീവ്ര ന്യൂനമർദ്ദമായി മാറുമെന്നാണ് ഇപ്പോൾ കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

ഇതോടെ കള്ളക്കുറിച്ചിയടക്കം മൂന്ന് ജില്ലകളിലെ റെഡ് അലേർട്ട് പിൻവലിച്ചു. ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞെങ്കിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും ശക്തമായ മഴ തുടരുകയാണ്. അതുകൊണ്ടുതന്നെ തമിഴ്നാട്ടിലെ പതിനാല് ജില്ലകളിലും പുതുച്ചേരിയിലും ഓറഞ്ച് അലേർട്ട് തുടരുകയാണ്. പുതുച്ചേരിയിൽ കഴിഞ്ഞ മണിക്കൂറുകളിൽ റെക്കോർഡ് മഴ പെയ്തതായാണ് റിപ്പോർട്ട്. ചെങ്കൽപേട്ട്, കാഞ്ചീപുരം, വെല്ലൂർ, റാണിപ്പേട്ട്, തിരുപ്പത്തൂർ, ധർമപുരി, തിരുവണ്ണാമലൈ തുടങ്ങിയ മേഖലകളിലും കനത്ത മഴ തുടരുകയാണ്.

കനത്ത മഴയെ തുടർന്ന് താത്കാലികമായി അടച്ചിട്ട ചെന്നൈ വിമാനത്താവളം പതിനാറ് മണിക്കൂറിന് ശേഷം പ്രവർത്തനം പുനഃരാരംഭിച്ചു. എന്നാൽ നഗരത്തിലെ പ്രധാന റോഡുകളെല്ലാം ഇപ്പോഴും വെള്ളക്കെട്ടിലാണ്. വീടുകളിൽ വെള്ളം കയറാന്‍ തുടങ്ങിയതോടെ നിരവധി പേരെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

SCROLL FOR NEXT