NEWSROOM

അരുണാചലിൽ മഴ കനത്തതോടെ അസമിൽ വെള്ളപ്പൊക്കം രൂക്ഷം; എല്ലാ നദികളും അപകടനിലയ്ക്ക് മുകളിലെന്ന് മുഖ്യമന്ത്രി

ഏത് അടിയന്തര സാഹചര്യവും നേരിടാൻ ദേശീയ ദുരന്ത നിവാരണ സേനയും ഇന്ത്യൻ സൈന്യവും സജ്ജരായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

അയൽ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ കനത്തമഴ അസമിലെ വെള്ളപ്പൊക്കെത്തെ ഗുരുതരമായി ബാധിച്ചെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. ഗുവാഹത്തിയിൽ നടന്ന പത്രസമ്മേളനത്തിലാണ് ബിശ്വ ശർമ്മ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ വൈകുന്നേരം മുതൽ അപ്പർ അസമിൽ വെള്ളപ്പൊക്കം ഗുരുതരമായെന്നും ബ്രഹ്മപുത്രയുൾപ്പെടെ എല്ലാ നദികളും അപകടനിലക്ക് മുകളിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

കാസിരംഗ നാഷണൽ പാർക്കിലുള്ള ആകെ 223 ചെക്ക് പോസ്റ്റുകളിൽ 95 എണ്ണവും ഇപ്പോൾ വെള്ളത്തിനടിയിലാണ്. ഇതോടെ റിസർവ് വനത്തിൽ നിന്ന് സമീപത്തെ കുന്നിലേക്ക് മൃഗങ്ങൾ നീങ്ങി തുടങ്ങിയിരിക്കുകയാണ്. അടുത്ത രണ്ടോ മൂന്നോ ദിവസം കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയതായി ബിശ്വ ശർമ്മ അറിയിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ദേശീയ ദുരന്ത നിവാരണ സേനയും ഇന്ത്യൻ സൈന്യവും സജ്ജരായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അധികൃതരിൽ നിന്നുള്ള കണക്ക് പ്രകാരം ബ്രഹ്മപുത്ര, ബരാക് താഴ്‌വരകൾ ഉൾപ്പെടെ 14 ജില്ലകളിലായി 2.7 ലക്ഷം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. ബിശ്വനാഥ്, ലഖിംപൂര്‍, ഹോജായ്, ബോംഗൈഗാവ്, നാല്‍ബാരി, തമുല്‍പൂര്‍, ഉദല്‍ഗുരി, ദരാംഗ്, ധേമാജി, ഹൈലകണ്ടി, കരിംഗഞ്ച്, ഗോള്‍പാറ, നാഗോണ്‍, ചിരാംഗ്, കൊക്രജ്ഹര്‍ തുടങ്ങിയ ജില്ലകളിലാണ് പ്രളയം ബാധിച്ചത്.

SCROLL FOR NEXT