കനത്ത മഴയെത്തുടർന്ന് നേപ്പാളിലുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 11 പേർ മരിച്ചു. ഇതോടെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 20 ആയി. ലാംജംഗ് ജില്ലയിൽ ഒറ്റരാത്രി കൊണ്ടുണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചതായും, മൂന്ന് വീടുകൾ ഒലിച്ചുപോയതായും ജില്ലാ ഭരണാധികാരി ബുദ്ധ ബഹാദൂർ ഗുരുങ് അറിയിച്ചു.
നേപ്പാളിന്റെ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന മൊറാങ് ജില്ലയിൽ ചൊവ്വാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിൽ നാല് പേരും, പടിഞ്ഞാറ് കാസ്കിയിലും കിഴക്കൻ നേപ്പാളിലെ ഒഖൽദുംഗയിലും ഉണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് പേരും മരിച്ചതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫീസർ ടെക് കുമാർ റെഗ്മി വ്യക്തമാക്കി.
മൺസൂൺ ആരംഭിച്ചതോടെ നേപ്പാളിൽ വെള്ളപ്പൊക്കവും, മണ്ണിടിച്ചിലിലും രൂക്ഷമായി തുടരുകയാണ്. കാലാവസ്ഥാ പ്രതിസന്ധി നേരിടുന്ന ലോകത്തിലെ ഏറ്റവും ദുർബലമായ രാജ്യങ്ങളിലൊന്നാണ് നേപ്പാൾ. ഒരു ദശാബ്ദത്തിലേറെയായി ഒന്നിലധികം തീവ്ര കാലാവസ്ഥാ വ്യതിയാനങ്ങളും, ദുരന്തങ്ങങ്ങളും നേപ്പാൾ ഏറ്റുവാങ്ങിയിട്ടുണ്ട്.