സംസ്ഥാനത്ത് അതിശക്തമായ മഴയിൽ പലയിടത്തും വ്യാപക നാശനഷ്ടം. നിരവധി ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീണ് വീടുകൾ തകർന്നു. മണ്ണിടിച്ചിലിലും മരം വീണും ഗതാഗതം തടസ്സപ്പെട്ടു. മലയോര-തീരദേശ മേഖലകളിൽ ജാഗ്രതാ നിർദ്ദേശമുണ്ട്. ജലനിരപ്പ് ഉയർന്നതോടെ പൊരിങ്ങൽകുത്ത്, കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറന്നു. വരും ദിവസങ്ങളിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.
വടക്കൻ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴയാണ് അനുഭവപ്പെട്ടത്. കാസർഗോഡ് താരതമ്യേന ശക്തികുറഞ്ഞ മഴയാണുണ്ടായത്. കയ്യൂർ, കരിന്തളം, നീലേശ്വരം എന്നിവിടങ്ങളിൽ വീടിന് മുകളിൽ മരം വീണ് വീടുകൾക്ക് നാശനഷ്ടമുണ്ടായി. കരിന്തളത്ത് മരം വീണ് വീട്ടമ്മയ്ക്ക് പരുക്കേറ്റു. കണ്ണൂരിലും മാഹിയിലും ശക്തമായ മഴ തുടരുകയാണ്. കണ്ണൂർ ജില്ലയുടെ വിവിധ ഇടങ്ങളിലുണ്ടായ മഴക്കെടുതികളിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. പലയിടത്തും മരം കടപുഴകി വീണ് വീടുകൾ തകർന്നു. കൂത്തുപറമ്പ്-മാനന്തവാടി റോഡിൽ മരം വീണത് ഏറെ നേരം ഗതാഗതതടസ്സം സൃഷ്ടിച്ചു.
കോഴിക്കോട് ജില്ലയിൽ പലയിടത്തും മരം വീണ് വീടുകൾക്ക് കേടുപാടുണ്ടായി. മഴക്കെടുതിയുടെ സാഹചര്യത്തിൽ ജില്ലയിൽ താലൂക്ക് ഓഫീസുകൾ കേന്ദ്രീകരിച്ച് എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ ആരംഭിച്ചിട്ടുണ്ട്. ഏത് അടിയന്തര സഹായത്തിനും 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ശക്തമായ മഴയിൽ ഇരുവഞ്ഞിപ്പുഴ, ചെറുപുഴ, ചാലിയാർ ഉൾപ്പടെയുള്ള ജലാശയങ്ങളിൽ ജലനിരപ്പുയർന്നു. മാവൂരിലെ പുഴയോര മേഖലകളിൽ വെള്ളം കയറി വ്യാപക കൃഷി നാശമുണ്ടായി. കക്കാടംപൊഴിയിൽ മലയോര മേഖലയിൽ മണ്ണിടിച്ചലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
വയനാട് ജില്ലയിൽ മഴയ്ക്ക് അൽപ്പം ശമനമുണ്ട്. ഉരുൾപ്പൊട്ടൽ സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മലപ്പുറത്ത് ഇടവിട്ട കനത്ത മഴ തുടരുന്നു. ജില്ലയിൽ റെഡ് അലേർട്ടിന്റെ പശ്ചാത്തലത്തിൽ മലയോര-തീരമേഖലകളിൽ ഒരുപോലെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ എവിടെയും ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ച പാലക്കാട് കനത്ത മഴ തുടരുകയാണ്. മരം കഴപുഴകി വീഴുന്നത് പാലക്കാടും വ്യാപക നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. തൃത്താല തണ്ണീർക്കോട് സീനിയർ സ്‌കൂൾ കെട്ടിടത്തിന് മുകളിലേക്ക് രണ്ട് തേക്കുമരങ്ങൾ കടപുഴകി വീണു. സ്‌കൂളിലെ ഒരു ക്ലാസ് മുറി പൂർണ്ണമായും തകർന്നെങ്കിലും കുട്ടികൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. ഭാരതപ്പുഴയിൽ നീരൊഴുക്ക് വർധിച്ചതോടെ വെള്ളിയാങ്കല്ല് തടയണയുടെ ഷട്ടറുകൾ തുറന്നു. 27-ൽ 21 ഷട്ടറുകളാണ് ഉയ൪ത്തിയത്. ഭാരതപ്പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലയിലെ മറ്റ് ഡാമുകളിൽ ജലനിരപ്പ് ഉയർന്നാൽ ഷട്ടറുകൾ ഉയർത്താനുള്ള സാധ്യതയുമുണ്ട്.
മധ്യകേരളത്തിലും മഴ വ്യാപക നാശനഷ്‌ടം വിതച്ചു. തൃശൂർ പൊരിങ്ങൽകുത്ത് ഡാമിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി ഉയർന്ന പശ്ചാത്തലത്തിൽ ഡാമിന്റെ രണ്ട് ഷട്ടറുകൾ 20 സെൻറീമീറ്റർ വീതം ഉയർത്തി. ഡാമിന്റെ പരിസര മേഖലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്കും ജാഗ്രതാ നിർദ്ദേശമുണ്ട്. എറണാകുളം നഗരത്തിലും മലയോര മേഖലയിലും മഴ ശക്തമാണ്. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടും മരം വീഴ്ച്ചയും. ജലനിരപ്പ് ഉയർന്നതോടെ കുട്ടമ്പുഴയിലെ മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങി.
ഇടുക്കിയിൽ മണ്ണിടിച്ചൽ സാധ്യത കണക്കിലെടുത്ത് രാത്രികാല യാത്രയ്ക്കും ജലാശയങ്ങളിൽ ഇറങ്ങുന്നതിനും നിരോധനം ഏർപ്പെടുത്തി. ജലനിരപ്പ് ഉയർന്നതോടെ കല്ലാർകുട്ടി ഡാമിന്റെ ഷട്ടർ ഉയർത്തി നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്കൊഴുക്കുകയാണ്. മഴകനത്താൽ പാംബ്ല ഡാമും തുറക്കും. മുതിരപ്പുഴ, പെരിയാർ തീരങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി. കൊച്ചി - ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിൽ മൂന്നാർ പെരിയവരയിൽ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു.
തെക്കൻ കേരളത്തിലും പലയിടത്തും കനത്ത മഴയും മരങ്ങൾ കടപുഴകി വീഴലുമുണ്ടായിരുന്നു. കോട്ടയത്ത് മരം കടപുഴകിയാണ് കൂടുതൽ അപകടങ്ങൾ ഉണ്ടായത്. വൈക്കം വെച്ചൂരിൽ 2 കാറുകൾക്ക് മുകളിൽ മരം വീണെങ്കിലും യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പാലാ, ചങ്ങനാശ്ലേരി, പാമ്പാടി മേഖലകളിൽ ശക്തമായ കാറ്റിൽ വൈദ്യുതി പോസ്റ്റുകൾ തകർന്നു. ആലപ്പുഴയിൽ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്. നഗരത്തിലെ മട്ടാഞ്ചേരി പാലത്തിൽ മരം കടപുഴകി വീണ് ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് പരുക്ക്. അപകടത്തിൽ ഒരാളുടെ നില ഗുരുതരമാണ്.
പത്തനംതിട്ട പന്തളത്ത് ചുഴലിക്കാറ്റിൽ നിരവധി മരങ്ങൾ മറിഞ്ഞുവീണു. ജലനിരപ്പ് ഉയർന്നതോടെ അരയാഞ്ഞിലി മണ്ണ് ക്രോസ് വേയും മുങ്ങി. കൊല്ലത്തും പലയിടങ്ങളിലും വ്യാപക മഴയാണ്. പുനലൂർ - അച്ചൻകോവിൽ പാതയിൽ മരം വീണ് ഗതാഗത തടസമുണ്ടായി. തിരുവനന്തപുരത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയും അനുഭവപ്പെട്ടു. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടങ്ങളും സുസജ്ജമാണ് എന്ന് വിവിധ ജില്ലാ കളക്ടർമാർ അറിയിച്ചു. കലട്രേറ്റുകൾ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ടട്രോൾ റൂമുകളും പ്രവർത്തിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിലും മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.