കനത്ത മഴയിൽ ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് ഉയരുന്നു. അരുണാചൽ പ്രദേശിലും അസമിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് ഉയരുന്നത്. 105.79 മീറ്ററാണ് നദിയിലെ ജലനിരപ്പ്. 105.70 ആണ് സുരക്ഷിതമായ പരമാവധി ജലനിരപ്പ്. മഴ തുടരുന്നതിനാൽ ഇനിയും നീരൊഴുക്ക് വർധിക്കുമെന്നാണ് വിലയിരുത്തൽ.
പുഴ കരകവിയാൻ തുടങ്ങിയതോടെ തീരത്തുള്ളവരും ആശങ്കയിലാണ് . അസമിലെ ദിബ്രുഗട്ടിലാണ് ഇത്തരത്തിൽ അപകടകരമായ സ്ഥിതിയുള്ളത്. പുഴയോട് ചേർന്നുള്ള പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. വസ്ത്രങ്ങളും വീട്ടുപകരണങ്ങളും ഉൾപ്പടെ ഒഴുകിപോകുകയും വെള്ളം കയറി നശിക്കുകയും ചെയ്തു. മഴ തുടർന്നാൽ വീടുകൾ തന്നെ വെള്ളത്തിനടിയിലാകുന്ന സാഹചര്യമാണെന്നും പ്രളയഭീതിയുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. വരും ദിവസങ്ങളിലും അസാമിൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബ്രഹ്മപുത്ര നദിയുടെ പോഷക നദികളിലും ജലനിരപ്പ് ഉയരുന്നതായാണ് റിപ്പോർട്ട്.