റഷ്യയിൽ 22 പേരുമായി പറന്ന ഹെലികോപ്റ്റർ കാണാതായ സംഭവത്തിൽ 17 മൃതദേഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. 900 മീറ്റർ ഉയരത്തിലുള്ള മലയോര മേഖലയായ കംചത്കയിൽ രക്ഷാപ്രവർത്തകർ നടത്തിയ തെരച്ചിലിലാണ് ഇന്ന് രാവിലെ ഹെലികോപ്റ്ററിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് കംചത്ക ഗവർണർ വ്‌ളാഡിമിർ സോളോഡോവ് വ്യക്തമാക്കി. ഇതിനകം 17 മൃതദേഹങ്ങൾ കണ്ടെത്തിയതായും, രക്ഷാപ്രവർത്തകർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതായും റഷ്യയുടെ എമർജൻസി സിറ്റുവേഷൻസ് മിനിസ്ട്രി വക്താവ് അറിയിച്ചു.
19 യാത്രക്കാരും മൂന്ന് ജീവനക്കാരുമായി പോയ ഹെലികോപ്റ്റർ കഴിഞ്ഞദിവസമാണ് കാണാതാവുന്നത്. ഇന്‍റർഫാക്സ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം എംഐ 8ടി ഹെലികോപ്ടറാണ് കാണാതായത്. റഷ്യയുടെ കിഴക്കന്‍ കാംചത്ക പെനിന്‍സുലയിലാണ് ഹെലികോപ്ടര്‍ കാണാതായതെന്ന് ഫെഡറല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സിയും അറിയിച്ചിരുന്നു.
ALSO READ: റഷ്യയിൽ 22 പേരുമായി പോയ ഹെലികോപ്റ്റർ കാണാതായി
1960കളിൽ രൂപകൽപന ചെയ്ത ഇരട്ട എഞ്ചിൻ സൈനിക ഹെലികോപ്റ്ററാണ് എംഐ 8. ഇത് റഷ്യയിലും അയൽരാജ്യങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. 2021 ഓഗസ്റ്റിൽ 13 വിനോദ സഞ്ചാരികളുൾപ്പെടെ 16 പേരുമായി ഒരു എംഐ 8 ഹെലികോപ്റ്റർ കംചത്കയിലെ തടാകത്തിൽ തകർന്നുവീണിരുന്നു.
അന്നത്തെ അപകടത്തിൽ എട്ട് പേരാണ് മരിച്ചത്. വിനോദ സഞ്ചാര കേന്ദ്രമാണ് കംചത്ക. മോസ്കോയിൽ നിന്ന് 6,000 കിലോമീറ്റർ കിഴക്കും അലാസ്കയിൽ നിന്ന് 2,000 കിലോമീറ്റർ പടിഞ്ഞാറുമാണ് ഈ പ്രദേശം. റഷ്യയിൽ ഗതാഗതത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന സോവിയറ്റ് രൂപകല്പന ചെയ്ത സൈനിക ഹെലികോപ്റ്ററാണ് എംഐ-8.