NEWSROOM

ഹേമ കമ്മിറ്റി റിപ്പോർട്ട്: ഹൈക്കോടതി അമിക്വസ് ക്യൂറിയെ നിയമിക്കാൻ സാധ്യത; പൂർണരൂപം സർക്കാർ ഇന്ന് കൈമാറും

ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചാണ് റിപ്പോർട്ട് പരിശോധിക്കും. ഹർജി മറ്റന്നാൾ കോടതിയുടെ പരിഗണനയ്ക്കെത്തും

Author : ന്യൂസ് ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പൂർണ രൂപം സർക്കാർ ഇന്ന് ഹൈക്കോടതിക്ക് കൈമാറും. റിപ്പോർട്ടിൻ്റെ പൂർണ രൂപത്തിന് പുറമേ മൊഴിപ്പകർപ്പുകൾ, ആരോപണങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പറ്റിയുള്ള വിവരങ്ങൾ, റിപ്പോർട്ടിന് പിന്നാലെ സർക്കാർ സ്വീകരിച്ച നടപടികൾ, കേസുകൾ തടങ്ങിയവയാണ് കോടതിക്ക് കൈമാറുന്നത്. ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് റിപ്പോർട്ട് പരിശോധിക്കും. 

ഹർജി മറ്റന്നാൾ കോടതിയുടെ പരിഗണനയ്ക്കെത്തും. ഹൈക്കോടതി അമിക്വസ് ക്യൂറിയെ നിയമിക്കാൻ സാധ്യതയുണ്ട്. ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി പായിച്ചറ നവാസ് നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർണായക ഇടപെടൽ ഉണ്ടായത്.

ഓഗസ്റ്റ് 22 നാണ് ഹേമകമ്മിറ്റി റിപ്പോർട്ടിൻ്റെ പൂർണരൂപം മുദ്രവെച്ച കവറിൽ ഹൈക്കോടതിക്ക് കൈമാറണമെന്ന് ഉത്തരവിട്ടത്. ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മജ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ചാണ് നിർദേശിച്ചിരുന്നത്. റിപ്പോർട്ടിന്മേൽ നടപടി സ്വീകരിച്ചില്ലെങ്കിൽ കമ്മിറ്റി രൂപീകരിച്ചത് വെറുതെയാകുമെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നതിൽ പരിമിതിയുണ്ടെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. രഹസ്യ സ്വഭാവം ഉറപ്പാക്കുന്ന രീതിയിലാണ് പലരും മൊഴി നൽകിയിരിക്കുന്നതെന്നും കോടതിയെ അറിയിച്ചിരുന്നു. സർക്കാരിൻ്റെ വാദത്തെ പൂർണമായും തള്ളിക്കളയാതെയാണ് മുദ്രവെച്ച കവറിൽ റിപ്പോർട്ടിൻ്റെ പൂർണരൂപം സമർപ്പിക്കാൻ കോടതി ഉത്തരവിട്ടത്.

SCROLL FOR NEXT