NEWSROOM

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഒഴിവാക്കിയ ഭാഗങ്ങള്‍ ഉടന്‍ പുറത്തുവിടില്ല

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജിലെ 11 ഖണ്ഡികകള്‍ പുറത്തുവിടുന്നതിലാണ് ഇന്ന് വിവരാവകാശ കമ്മീഷന്‍ ഉത്തരവ് വരാനിരുന്നത്

Author : ന്യൂസ് ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഒഴിവാക്കിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഉത്തരവ് ഉടനില്ല. ബാക്കി ഭാഗങ്ങള്‍ പുറത്തുവിടുന്നതിനെതിരെ പരാതി ലഭിച്ചതിനാലാണ് വിവരാവകാശ കമ്മീഷൻ്റെ തീരുമാനം. ആരാണ് പരാതിക്കാരനെന്ന് അറിയില്ലെന്ന് കമ്മീഷനെ സമീപിച്ച മാധ്യമപ്രവര്‍ത്തകനായ അനിരു അശോകന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.


ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജിലെ 11 ഖണ്ഡികകള്‍ പുറത്തുവിടുന്നതിലാണ് ഇന്ന് വിവരാവകാശ കമ്മീഷന്‍ ഉത്തരവ് വരാനിരുന്നത്. ഉത്തരവ് കൈപ്പറ്റാന്‍ പരാതിക്കാരായ മാധ്യമപ്രവര്‍ത്തകരോട് കമ്മീഷനില്‍ ഹാജരാകാനും പറഞ്ഞിരുന്നു. എന്നാല്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതിനെതിരെ പരാതി ലഭിച്ചതിനാല്‍ അതുകൂടി പരിഗണിച്ച ശേഷം മാത്രമേ ഉത്തരവ് പുറപ്പെടുവിക്കൂവെന്ന് കമ്മീഷന്‍ വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ പരാതിക്കാരനെ കുറിച്ചോ, ഇനി എന്ന് ഉത്തരവ് വരുമെന്നതിനെക്കുറിച്ചോ അറിയില്ലെന്ന് പരാതിക്കാരനായ മാധ്യമപ്രവര്‍ത്തകന്‍ അനിരു അശോകന്‍ പറഞ്ഞു.

റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ പുറത്തുവിടാന്‍ കോടതിയും കമ്മീഷനും പറഞ്ഞാല്‍ സര്‍ക്കാറിന് എതിര്‍പ്പില്ലെന്നായിരുന്നു സിനിമാ മന്ത്രി സജി ചെറിയാൻ്റെ  പ്രതികരണം. ഹേമ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍ സിനിമ നയം കൊണ്ട് വരുമെന്നും ഫെബ്രുവരിയോടെ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT