ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ നോഡൽ ഓഫീസറായി ജി. പൂങ്കുഴലി ഐപിഎസിനെ നിയമിച്ചു. ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയവർ ഭീഷണി നേരിടുന്നുവെന്ന ആരോപണത്തെ തുടർന്നാണ് ജി. പൂങ്കുഴലി ഐപിഎസിനെ നോഡൽ ഓഫീസറായി നിയമിച്ചത്. ഭീഷണിയോ ആക്ഷേപമോ നേരിടുന്നവർക്ക് നോഡൽ ഓഫീസറെ ബന്ധപ്പെടാം. പരാതികളിൽ നോഡൽ ഓഫീസർ നടപടി സ്വീകരിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് റിപ്പോർട്ട് ചെയ്യും.
ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയവർ ഭീഷണി നേരിടുന്നതായി ഡബ്ല്യുസിസി ആരോപിച്ചിരുന്നു. തുടർന്ന്, നോഡൽ ഓഫീസറെ നിയമിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തോട് (എസ്ഐടി) ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഒഴിവാക്കിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഉത്തരവ് ഉടനില്ലെന്ന് വിവരാവകാശ കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ബാക്കി ഭാഗങ്ങള്‍ പുറത്തുവിടുന്നതിനെതിരെ പരാതി ലഭിച്ചതിനാലാണ് വിവരാവകാശ കമ്മീഷൻ്റെ തീരുമാനം. ആരാണ് പരാതിക്കാരനെന്ന് അറിയില്ലെന്ന് കമ്മീഷനെ സമീപിച്ച മാധ്യമപ്രവര്‍ത്തകനായ അനിരു അശോകന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജിലെ 11 ഖണ്ഡികകള്‍ പുറത്തുവിടുന്നതിലാണ് ഇന്ന് വിവരാവകാശ കമ്മീഷന്‍ ഉത്തരവ് വരാനിരുന്നത്. ഉത്തരവ് കൈപ്പറ്റാന്‍ പരാതിക്കാരായ മാധ്യമപ്രവര്‍ത്തകരോട് കമ്മീഷനില്‍ ഹാജരാകാനും പറഞ്ഞിരുന്നു. എന്നാല്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതിനെതിരെ പരാതി ലഭിച്ചതിനാല്‍ അതുകൂടി പരിഗണിച്ച ശേഷം മാത്രമേ ഉത്തരവ് പുറപ്പെടുവിക്കൂവെന്ന് കമ്മീഷന്‍ വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ പരാതിക്കാരനെ കുറിച്ചോ, ഇനി എന്ന് ഉത്തരവ് വരുമെന്നതിനെക്കുറിച്ചോ അറിയില്ലെന്ന് പരാതിക്കാരനായ മാധ്യമപ്രവര്‍ത്തകന്‍ അനിരു അശോകന്‍ പറഞ്ഞു.