NEWSROOM

ഹേമ കമ്മിറ്റി റിപ്പോർട്ട്: മൊഴി നൽകാൻ താൽപ്പര്യം ഇല്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി

നോട്ടീസ് കിട്ടിയവർക്ക് മജിസ്ട്രേറ്റിന് മൊഴി നൽകാം. അല്ലെങ്കിൽ ഹാജരായി താൽപ്പര്യമില്ലെന്ന് അറിയിക്കാം.

Author : ന്യൂസ് ഡെസ്ക്


മലയാള സിനിമാ മേഖലയിൽ കോളിളക്കം സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിനെ അടിസ്ഥാനമാക്കി മൊഴി നൽകാൻ താൽപ്പര്യം ഇല്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി. പ്രത്യേക അന്വേഷണ സംഘം (SIT) ബുദ്ധിമുട്ടുണ്ടാക്കിയാൽ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി നിർദേശിച്ചു.

എസ്ഐടി മൊഴി നൽകാൻ നിർബന്ധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ നിർദേശം. നോട്ടീസ് കിട്ടിയവർക്ക് മജിസ്ട്രേറ്റിന് മൊഴി നൽകാം. അല്ലെങ്കിൽ ഹാജരായി താൽപ്പര്യമില്ലെന്ന് അറിയിക്കാം.

നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള ഹൈക്കോടതി നിർദേശത്തിൽ ഇടപെടാനാവില്ലെന്ന് ഫെബ്രുവരിയിൽ സുപ്രീം കോടതി അറിയിച്ചിരുന്നു. അന്വേഷണം തടയണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. കുറ്റകൃത്യം സംബന്ധിച്ച വിവരം ലഭിച്ചാല്‍ അന്വേഷണവുമായി പൊലീസിന് മുന്നോട്ട് പോകാം. പൊലീസിൻ്റെ അന്വേഷണ അധികാരങ്ങൾ തടയാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.

മൊഴികളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന് അറിയിച്ച കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കുകയും ചെയ്തില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ എസ്‌ഐടി അന്വേഷണം തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

SCROLL FOR NEXT