NEWSROOM

ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്‌തു

ഗവർണർ സി.പി രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു.ചടങ്ങിൽ ഇന്ത്യ സഖ്യ നേതാക്കൾ  പങ്കെടുത്തു

Author : ന്യൂസ് ഡെസ്ക്

ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു.പതിമൂന്നാമത് ജാർഖണ്ഡ് മുഖ്യമന്ത്രിയായാണ് ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ സി.പി രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ ഇന്ത്യ-സഖ്യ നേതാക്കളും പങ്കെടുത്തു.

കഴിഞ്ഞ ജനുവരി 31നാണ് ഭൂമി തട്ടിപ്പ് കേസിൽ ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുന്നോടിയായി തന്നെ ഹേമന്ത് സോറൻ തൻ്റെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയെന്ന പേരുണ്ടാവാതിരിക്കാനായിരുന്നു രാജി.

റാഞ്ചിയിൽ 8.86 ഏക്കർ ഭൂമി അനധികൃതമായി സമ്പാദിച്ചുവെന്നാണ് ഹേമന്ത് സോറനെതിരെയുള്ള കേസ്. ഹേമന്ത് സോറൻ രാജിവെച്ചതോടെ ചമ്പൈ സോറൻ ജാർഖണ്ഡ‍് മുഖ്യമന്ത്രിയായി. അഞ്ചു മാസത്തിന് ശേഷം കഴിഞ്ഞ ജൂൺ 28നാണ് ഹേമന്ത് സോറന് ജാമ്യം ലഭിക്കുന്നത്. റാഞ്ചിയിൽ ഇന്ത്യ സഖ്യത്തിലെ എംഎൽഎമാർ ചേർന്ന യോഗത്തിലാണ് സോറനെ വീണ്ടും മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം അറിയിച്ചത്. അതേ സമയം മുൻ മുഖ്യമന്ത്രി ചമ്പൈ സോറൻ രാജ്ഭവനിലെത്തി രാജിക്കത്ത് സമർപ്പിച്ചിരുന്നു.



SCROLL FOR NEXT