NEWSROOM

കോട്ടയം കോരുത്തോട് പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നു; രോഗം പിടിപെട്ടത് സ്വകാര്യ കുടിവെള്ള വിതരണക്കാരില്‍ നിന്നെന്ന് ആരോഗ്യവകുപ്പ്

കോരുത്തോട് പഞ്ചായത്തിലെ 9-ാം വാര്‍ഡില്‍ ആണ് രോഗവ്യാപനം ആദ്യം സ്ഥിരീകരിച്ചത്.

Author : ന്യൂസ് ഡെസ്ക്


കോട്ടയം കോരുത്തോട് പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നു. പഞ്ചായത്തിലെ 9, 10 വാര്‍ഡുകളിലെ മാങ്ങാപ്പേട്ട, 504 കോളനി ഭാഗങ്ങളില്‍ 15 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. സ്വകാര്യ കുടിവെള്ള വിതരണക്കാരില്‍ നിന്നാണ് മേഖലയില്‍ മഞ്ഞപ്പിത്തം പിടിപ്പെട്ടതെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി.

കോരുത്തോട് പഞ്ചായത്തിലെ 9ആം വാര്‍ഡില്‍ ആണ് രോഗവ്യാപനം ആദ്യം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ 10ആം വാര്‍ഡിലെ ചിലഭാഗങ്ങളിലും രോഗം പടര്‍ന്നു. 9-ാം വാര്‍ഡില്‍ 12 പേര്‍ക്കും 10-ാം വാര്‍ഡില്‍ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ കുടിവെള്ള വിതരണക്കാരില്‍ നിന്നാണ് മേഖലയില്‍ മഞ്ഞപ്പിത്തം പിടിപെട്ടതെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കുടിവെള്ള വിതരണക്കാര്‍ക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

കൂടാതെ 504 കോളനിയിലെ സ്വകാര്യ വ്യക്തിയുടെ കടയില്‍നിന്നു ഭക്ഷണം കഴിച്ച നാലുപേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് കട അടപ്പിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജാഗ്രത നിര്‍ദേശം നല്‍കുകയും വാര്‍ഡില്‍ ക്ലോറിനേഷന്‍ അടക്കമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ജനങ്ങള്‍ക്കു ബോധവത്കരണം നല്‍കാനും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും പഞ്ചായത്ത് തീരുമാനിച്ചു. കഴിഞ്ഞ മാസം പുഞ്ചവയല്‍ ടൗണിലും ഒമ്പതു പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു.

SCROLL FOR NEXT