NEWSROOM

ടെൽ അവീവിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി ഹിസ്ബുള്ള; പിന്നാലെ പ്രത്യാക്രമണവുമായി ഇസ്രായേലും

തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായും 13 പേർക്ക് പരുക്കേറ്റതായും ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു

Author : ന്യൂസ് ഡെസ്ക്



ലബനനിലെ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലെ മൊസാദ് ഹെഡ് ക്വാട്ടേഴ്സ് ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഹിസ്ബുള്ള. ഇതാദ്യമായാണ് ഇസ്രയേലിലേക്ക് നടത്തിയ ആക്രമണം ഹിസ്ബുള്ള സ്ഥിരീകരിക്കുന്നത്. ലബനനിലെ പേജർ, വോക്കി ടോക്കി സ്ഫോടനത്തിനും നേതാക്കളുടെ മരണത്തിനുമിടയാക്കിയ അക്രമണങ്ങൾക്കുള്ള പ്രത്യാക്രമണമാണിതെന്നാണ് ഹിസ്ബുള്ളയുടെ പ്രതികരണം. ഇസ്രായേലിലെ ഹറ്റ്‌സോർ, ദാഡോ സൈനിക താവളം എന്നീ രണ്ട് പ്രദേശങ്ങളിലാണ് ഹിസ്ബുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയത്.

ഹിസ്ബുള്ളയുടെ ആക്രമണത്തിന് പിന്നാലെ തെക്കൻ ലബനനിലും ബെക്കാ മേഖലയിലും ആക്രമണം നടത്തിയതായി ഇസ്രായേൽ വ്യക്തമാക്കി. തെക്കൻ ലബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായും 13 പേർക്ക് പരുക്കേറ്റതായും ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെക്കൻ ലബനനിലെ ഐൻ ഖാന പട്ടണത്തിലാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.

ALSO READ: ഇസ്രയേൽ-ലബനനൻ യുദ്ധത്തിൽ നയതന്ത്ര പരിഹാരം സാധ്യമാണ്: അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ

ഹിസ്ബുള്ള ശക്തികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം ഖുബൈസിയാണ് കൊല്ലപ്പെട്ടത്. ബെയ്റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശത്തുള്ള ദഹിയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഖുബൈസി കൊല്ലപ്പെട്ടത്. ഹിസ്ബുള്ള റോക്കറ്റ് വിഭാഗത്തിൻ്റെ കമാൻഡറാണ് ഇബ്രാഹിം ഖുബൈസി.

ഖുബൈസിയോടൊപ്പം ആക്രമണത്തിൽ മറ്റ് അഞ്ചു പേരും കൊല്ലപ്പെട്ടു. പതിനഞ്ച് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഹിസ്ബുള്ള നേതാവിനെയാണ് ആക്രമണം ലക്ഷ്യമിട്ടതെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ലബനനിൽ കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ ഓപ്പറേഷൻസ് തലവൻ ഇബ്രാഹിം അഖീലും കൊല്ലപ്പെട്ടിരുന്നു.

SCROLL FOR NEXT