NEWSROOM

ആന്ധ്രാ പ്രദേശിലെ വനിതാ ഹോസ്റ്റലില്‍ ഒളിക്യാമറ; ദൃശ്യങ്ങള്‍ പകർത്തി വിറ്റത് വിദ്യാർഥികള്‍ക്ക്

വനിതാ ഹോസ്റ്റലില്‍ നിന്നും 300ലേറെ ഫോട്ടോകളും വീഡിയോകളുമാണ് രഹസ്യ ക്യാമറ ഉപയോഗിച്ച് ചോർത്തിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ആന്ധ്രാപ്രദേശിൽ പ്രമുഖ എഞ്ചിനിയറിങ് കോളേജിലെ വനിതാ ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളി ക്യാമറ കണ്ടെത്തി. ക്യാമറയിലൂടെ വിദ്യാർഥിനികളുടെ വീഡിയോ റെക്കോർഡ് ചെയ്യുകയും മറ്റു വിദ്യാർഥികള്‍ക്ക് വില്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. കൃഷ്ണന്‍ ജില്ലയിലെ ഗുഡ്‌ലവല്ലരു എഞ്ചിനിയറിങ് കോളേജില്‍ നടന്ന സംഭവത്തില്‍ വിദ്യാർഥികളും പ്രദേശവാസികളും പ്രതിഷേധത്തിലേക്ക് കടന്നിരിക്കുകയാണ്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് വിദ്യാർഥികള്‍ ശുചിമുറിയിൽ ക്യാമറ കണ്ടെത്തിയത്. ഇതിന് പിന്നാലെ രാത്രി ഏഴ് മണിക്ക് വിദ്യാർഥികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം ഇന്ന് രാവിലെ വരെ നീണ്ടു. കോളേജ് അധികാരികള്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.

ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ബോയ്സ് ഹോസ്റ്റലിലെ ഒരു സീനിയർ വിദ്യാർഥിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിടെക് അവസാന വർഷ വിദ്യാർഥി വിജയ് കുമാറാണ് അറസ്റ്റിലായത്. ഇയാളുടെ ലാപ്ടോപ് പൊലീസ് കസ്റ്റഡിയിലാണ്. റിപ്പോർട്ടുകള്‍ പ്രകാരം, വനിത ഹോസ്റ്റലില്‍ നിന്നും 300ല്‍ അധികം ഫോട്ടോകളും വീഡിയോകളുമാണ് വിജയ് രഹസ്യ ക്യാമറ ഉപയോഗിച്ച് ചോർത്തിയിരിക്കുന്നത്.

SCROLL FOR NEXT