NEWSROOM

'അൻവർ വന്നോട്ടെ, തൃണമൂൽ വേണ്ട'; കോൺ​ഗ്രസിന് ഹൈക്കമാൻഡിന്‍റെ നിർദേശം

ബുധനാഴ്ച നടക്കുന്ന കൂടിക്കാഴ്ചയിൽ കോൺഗ്രസ് നേതൃത്വം പി.വി. അൻവറിനെ ഇക്കാര്യം അറിയിക്കും

Author : ന്യൂസ് ഡെസ്ക്

തൃണമൂൽ കോൺഗ്രസിനെ യുഡിഎഫ് ഘടകകക്ഷിയാക്കേണ്ടെന്ന് കൊൺ​ഗ്രസിന് ഹൈക്കമാൻഡ് നിർദേശം. എന്നാൽ, പി.വി. അൻവറിനെ യുഡിഎഫിൽ എടുക്കാമെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി. ദേശീയതലത്തിൽ കോൺഗ്രസുമായി സഹകരിക്കാത്ത തൃണമൂൽ കോൺഗ്രസുമായി കൈകോർക്കാൻ ആവില്ലെന്നതാണ് ഇത്തരത്തിലൊരു നിലപാടെടുക്കാൻ കാരണം. ഇക്കാര്യം ബുധനാഴ്ച നടക്കുന്ന കൂടിക്കാഴ്ചയിൽ കോൺഗ്രസ് നേതൃത്വം പി.വി. അൻവറിനെ അറിയിക്കും.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് യുഡിഎഫ് ഘടകക്ഷിയാക്കണമെന്ന സമ്മർദവുമായി അൻവറിന്റെ നേതൃത്വത്തിൽ തൃണമൂൽ കോൺ​ഗ്രസ് രം​ഗത്തെത്തിയത്. കെപിസിസി ജനറൽ സെക്രട്ടറി എ.പി. അനിൽകുമാറുമായി പി.വി. അന്‍വർ യുഡിഎഫ് പ്രവേശം ചർച്ചയും ചെയ്തിരുന്നു. എന്നാൽ ഈ ചർച്ചയിൽ കാര്യമായ തീരുമാനമുണ്ടായില്ല. സ്ഥാനാർഥി നിർണയത്തിൽ അൻവർ നേരത്തെ അഭിപ്രായം പറഞ്ഞതിൽ കോൺഗ്രസിനുള്ളിൽ എതിർപ്പ് പ്രകടമാണ്. ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ മൽസരിപ്പിക്കാനാകില്ലെന്ന ഉറച്ച നിലപാടാണ് അദ്യം മുതൽ അൻവർ സ്വീകരിക്കുന്നത്. ഇതും അന്‍വറിന്‍റെ യുഡിഎഫ് പ്രവേശനത്തെ എതിർക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉയർത്തിക്കാട്ടിയേക്കും.

അതേസമയം, യുഡിഎഫിന്റെ ഭാഗമാക്കിയില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുന്നത് ഗൗരവമായി ആലോചിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നിലമ്പൂർ മണ്ഡലം പ്രസിഡന്റ് ഇ.എ. സുകു വ്യക്തമാക്കി. പി.വി. അൻവറിന് നിലമ്പൂർ മണ്ഡലത്തിലുള്ള സ്വാധീനം യുഡിഎഫിന് അനുകൂലമാകണമെങ്കിൽ തൃണമൂൽ കോൺഗ്രസിനെ ഘടകകക്ഷിയാക്കണമെന്നും സുകു ന്യൂസ് മലയാളത്തോട് പറഞ്ഞു.

SCROLL FOR NEXT