NEWSROOM

ഇനി വാ തുറക്കില്ലെന്ന് ബോബി ചെമ്മണ്ണൂര്‍; നിരുപാധിക മാപ്പ് കോടതി അംഗീകരിച്ചു

ഇനി ആവര്‍ത്തിക്കില്ലെന്ന് പറയുന്നത് അഭിഭാഷകര്‍ക്കും കുരുക്കാകുമെന്നും കോടതി ഓര്‍മിപ്പിച്ചു

Author : ന്യൂസ് ഡെസ്ക്

ബോബി ചെമ്മണ്ണൂരിന് ആശ്വാസം. അഭിഭാഷകന്‍ മുഖേനയുള്ള ബോബി ചെമ്മണ്ണൂരിന്റെ നിരുപാധിക മാപ്പപേക്ഷ കോടതി അംഗീകരിച്ചു. ഇതോടെ ജാമ്യം റദ്ദാക്കുന്നില്ലെന്ന് കോടതി അറിയിച്ചു. കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്നും ഇറങ്ങാന്‍ ബോബി തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് കോടതി ഇന്ന് വീണ്ടും കേസ് പരിഗണിക്കുകയായിരുന്നു.

ജാമ്യം ലഭിച്ചിട്ടും സാങ്കേതിക കാരണങ്ങളാല്‍ പുറത്തിറങ്ങാനാവാത്ത തടവുകാര്‍ക്കും മോചനത്തിന് അവസരമൊരുക്കിയ ശേഷമേ പുറത്തിറങ്ങൂവെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ നിലപാട്. ജുഡീഷ്യറിയോട് യുദ്ധം പ്രഖ്യാപിക്കുന്നതാണ് ബോബിയുടെ നിലപാടെന്ന് കോടതി വിമര്‍ശിച്ചു. സഹതടവുകാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജയിലില്‍ തങ്ങി. ഒളിമ്പിക്‌സില്‍ സ്വര്‍ണം കിട്ടിയതു പോലെയാണ് ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഇനി ആവര്‍ത്തിക്കില്ലെന്ന് പറയുന്നത് അഭിഭാഷകര്‍ക്കും കുരുക്കാകുമെന്നും കോടതി ഓര്‍മിപ്പിച്ചു.

ALSO READ: ഇവിടെ നീതിന്യായ വ്യവസ്ഥയുണ്ട്; നിയമത്തിന് അതീതരായി ആരുമില്ല; ബോബി ചെമ്മണ്ണൂരിനെ കുടഞ്ഞ് ഹൈക്കോടതി

രൂക്ഷമായ വിമര്‍ശനങ്ങളും താക്കീതുമാണ് ഹൈക്കോടതിയില്‍ നിന്ന് ബോബി ചെമ്മണ്ണൂരിന് ഇന്ന് നേരിടേണ്ടി വന്നത്. നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ന് 1.45ന് വീണ്ടും പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ബോബി ചെമ്മണ്ണൂര്‍ പുറത്തിറങ്ങിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാനും നിര്‍ദേശിച്ചിരുന്നു.

എന്തുകൊണ്ടാണ് ഇന്നലെ ജയിലില്‍ നിന്ന് പുറത്തിറങ്ങാത്തത് എന്നതിനെ സംബന്ധിച്ച് കൃത്യമായ വിശദീകരണം നല്‍കണമെന്നാണ് ബോബി ചെമ്മണ്ണൂരിനോട് കോടതി ആവശ്യപ്പെട്ടത്. ജാമ്യ ഉത്തരവ് കിട്ടിയിരുന്നെങ്കിലും ഇന്നലെ മെട്രോയിലെ പണി കാരണം എത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു അഭിഭാഷകന്റെ മറുപടി.

ഇന്ന് ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം മാധ്യമങ്ങള്‍ വളഞ്ഞപ്പോഴുള്ള സംഭ്രമത്തില്‍ പറഞ്ഞതാണ്. മാധ്യമങ്ങളോട് പറഞ്ഞത് നാക്ക് പിഴയാണെന്നും ഈ രീതിയില്‍ ഇനി വാ തുറക്കില്ലെന്നും അഭിഭാഷകന്‍ കോടതിക്ക് ഉറപ്പ് നല്‍കി. കോടതിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. നിരുപാധികമായി മാപ്പ് പറയാമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് മാപ്പ് അംഗീകരിച്ച കോടതി ജാമ്യം റദ്ദാക്കുന്നില്ലെന്ന് വ്യക്തമാക്കി.

SCROLL FOR NEXT