അനധികൃത ഫ്ലക്സ് സ്ഥാപിച്ചതിനെതിരെ വീണ്ടും ഹൈക്കോടതി. അനധികൃത ഫ്ലക്സ് സ്ഥാപിക്കുന്നവര്‍ക്കെതിരെ തദ്ദേശ സ്ഥാപനങ്ങള്‍ കൃത്യമായി പിഴ ചുമത്തണമെന്ന് ഹൈക്കോടതി അറിയിച്ചു. ഇത്തരത്തിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകൾക്ക് നിര്‍ബന്ധമായും പിഴ ചുമത്തണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. പിഴ ചുമത്തിയില്ലെങ്കില്‍ അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാരില്‍ നിന്നും പിഴ ഈടാക്കണമെന്നും നിർദേശം നൽകി.
അനധികൃതമായി ഒരു ബോര്‍ഡ് പോലും വെക്കുന്നില്ലെന്ന് സര്‍ക്കാര്‍ എല്ലാദിവസവും ഉറപ്പാക്കണം. തിരുവനന്തപുരത്ത് ഫ്ലക്സ് വയ്ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ മത്സരമെന്നും ഹൈക്കോടതി അറിയിച്ചു. അനധികൃത ഫ്ലക്‌സുകള്‍ക്ക് 95 ലക്ഷത്തോളം രൂപ പിഴ ചുമത്തിയെന്നും ഇതില്‍ 14 ലക്ഷം രൂപ ഈടാക്കിയെന്നും ഹൈക്കോടതിയില്‍ സര്‍ക്കാർ മറുപടി നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ഡോ.ഷര്‍മിള മേരി ജോസഫാണ് ഓണ്‍ലൈനില്‍ ഹാജരായി വിവരം കൈമാറിയത്.
ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാത്തതിൽ ഹൈക്കോടതി നേരത്തെയും രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇതുവരെ എത്ര ബോര്‍ഡുകള്‍ നീക്കം ചെയ്തുവെന്നും, നടപടി സ്വീകരിക്കാന്‍ ധൈര്യം വേണമെന്നും ഹൈക്കോടതി സർക്കാരിനെ അറിയിച്ചു.അനധികൃത ഫ്ലക്സ് ബോർഡുകൾ പൂർണമായും നീക്കം ചെയ്യാൻ സർക്കാരിന് ഇതുവരെയും സാധിച്ചിട്ടില്ല. ഏതെല്ലാം രാഷ്‌ട്രീയ പാർട്ടികൾക്കെതിരെ നടപടിയെടുത്തുവെന്നും, കോടതി ആരാഞ്ഞു.രണ്ടു ലക്ഷത്തോളം ബോർഡുകൾ നീക്കം കോടതി ഉത്തരവിനെ തുടർന്ന് നീക്കം ചെയ്തതായാണ് സർക്കാർ നൽകുന്ന വിശദീകരണം.
രാഷ്ട്രീയക്കാരുടെ മുഖം ബോർഡുകളിലില്ലാതായാൽ നിരത്തുകൾ മലീമസമാക്കുന്ന നടപടിയിൽ മാറ്റം വരുമെന്നും കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സർക്കാരിൻ്റെ ഭാഗമായിട്ടുള്ളവരുടെ ബോർഡുകൾ സ്ഥാപിക്കില്ലെന്ന് ഉറപ്പാക്കുന്ന ഉത്തരവിറക്കാൻ സർക്കാർ തയാറാകുമോയെന്നും കോടതി ചോദ്യം ഉന്നയിച്ചു.