NEWSROOM

പരുന്തുംപാറയിലെ അനധികൃത നിർമാണങ്ങൾ വിലക്കി ഹൈക്കോടതി

പരുന്തുംപാറയിൽ വ്യാപകമായ തോതിൽ സർക്കാർ ഭൂമി കൈയ്യേറിയെന്ന ഐ.ജി കെ. സോതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്

Author : ന്യൂസ് ഡെസ്ക്

ഇടുക്കി പരുന്തുംപാറയിലെ അനധികൃത നിർമാണങ്ങൾ വിലക്കി ഹൈക്കോടതി. റവന്യു വകുപ്പിന്റെ എൻഒസിയും തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയുമില്ലാത്ത നിർമാണ പ്രവർത്തനങ്ങൾ നടത്തരുത്. റവന്യു വകുപ്പും പോലീസും ഇത് ഉറപ്പു വരുത്തണമെന്നും കോടതി നിർദേശിച്ചു. നിർമാണ സാമഗ്രികളുമായി വാഹനങ്ങൾ പരുന്തുംപാറയിലേക്ക് കയറ്റി വിടരുത്. ഇക്കാര്യം ജില്ല, തദ്ദേശ ഭരണകൂടവും ജില്ല പൊലീസ് മേധാവിയും ഉറപ്പാക്കണം. പരുന്തുംപാറയിൽ വ്യാപകമായ തോതിൽ സർക്കാർ ഭൂമി കൈയ്യേറിയെന്ന ഐ.ജി കെ. സോതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

കഴിഞ്ഞ ദിവസം പരുന്തുംപാറയില്‍ റവന്യൂ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് റവന്യൂ സംഘമെത്തി പൊളിച്ച് നീക്കിയിരുന്നു. ഭൂമി കയ്യേറി നിര്‍മിച്ച റിസോര്‍ട്ടിന് ഈ മാസം രണ്ടാം തീയതി റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമോ നല്‍കിയിരുന്നു. എന്നാല്‍ സ്‌റ്റോപ്പ് മെമോ കാറ്റില്‍ പറത്തിയും, നിരോധനാജ്ഞ ലംഘിച്ചുമാണ് റിസോര്‍ട്ടിന് മുമ്പിൽ ചങ്ങനാശേരി സ്വദേശി സജിത്ത് ജോസഫ് കുരിശ് സ്ഥാപിച്ചത്. 15 അടിയോളം പൊക്കമുള്ള കോണ്‍ക്രീറ്റ് കുരിശായിരുന്നു സ്ഥാപിച്ചത്. കുരിശ് മറയാക്കി കൈയ്യേറ്റത്തിനുള്ള ശ്രമമാണ് പരുന്തുംപാറയിലെ കയ്യേറ്റക്കാരന്‍ സജിത് ജോസഫ് നടത്തിയത്. പ്രദേശവാസികളോട് ധ്യാനകേന്ദ്രമാണ് നിര്‍മിക്കുന്നതെന്നാണ് സജിത്ത് പറഞ്ഞിരുന്നത്. 2017ല്‍ പാപ്പത്തിചോലയില്‍ സ്വകാര്യ വ്യക്തി കയ്യേറി സ്ഥാപിച്ച കുരിശ് റവന്യൂ വകുപ്പ് നീക്കം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പരുന്തുംപാറയില്‍ നടന്ന അനധികൃത ഭൂമി കൈയ്യേറ്റത്തിനെതിരെ റവന്യൂവകുപ്പ് നടപടിക്കൊരുങ്ങുന്നത്.

പരുന്തുംപാറയിലെ കയ്യേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ച സജിത്തിനെതിരെ വണ്ടിപ്പെരിയാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രിമിനൽ നടപടി സ്വീകരിക്കാൻ റവന്യൂ വകുപ്പ് ശുപാർശ ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് പൊലീസ് നടപടിയെടുത്തത്. സംഭവത്തിൽ ഇന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യും. വാഗമൺ വില്ലേജിലെ മറ്റ് കൈയ്യേറ്റങ്ങൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

SCROLL FOR NEXT