വയനാട് ദുരിതാശ്വാസ-പുനരധിവാസ ഫണ്ടിലെ കണക്കുകളില്‍ വ്യക്തതയില്ലാത്തതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിച്ച് ഹൈക്കോടതി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫിനാൻസ് ഓഫീസർ നാളെ നേരിൽ ഹാജരായി കണക്കുകൾ ബോധിപ്പിക്കണമെന്നും കോടതി അറിയിച്ചു. വിഷയത്തില്‍ സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ദുരന്തത്തിന് മുന്‍പ് ദുരിതാശ്വാസ നിധിയിൽ എത്ര തുകയുണ്ടായിരുന്നുവെന്നും അതിൽ വിനിയോഗിക്കാൻ പാകത്തിൽ എത്ര തുകയുണ്ടായിരുന്നുവെന്നും കോടതി ചോദിച്ചു. കേന്ദ്രം അനുവദിച്ച ഫണ്ടില്‍ എത്ര വിനിയോഗിക്കാനായി? വയനാട്ടിൽ പുനർനിർമാണത്തിനും പുനരധിവാസത്തിനും ഇനി എത്ര തുക വേണം? കേന്ദ്രം എത്ര ധനസഹായം നൽകണം തുടങ്ങിയ കാര്യങ്ങൾ നാളെത്തന്നെ വിശദീകരിക്കണമെന്നും അതിന് ശേഷം തുടർ നിർദേശങ്ങള്‍ നൽകുമെന്നും കോടതി അറിയിച്ചു.
കേന്ദ്ര സഹായം ലഭിക്കുന്നില്ലെന്ന് കാട്ടി സംസ്ഥാനം നിരവധി തവണ കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് കോടതി നിർദേശങ്ങളും നല്‍കിയിരുന്നു. വയനാട് സംഭവിച്ചതുപോലുള്ള വലിയ ദുരന്തത്തിന്‍റെ പുനരധിവാസത്തിനായി സംസ്ഥാന ഫണ്ട് തികയില്ലെന്നും കേന്ദ്ര സർക്കാർ കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഫണ്ട് അനുവദിക്കണമെന്നുമാണ് കോടതി നിർദേശിച്ചിരുന്നത്.
അതേസമയം, വയനാട് ദുരന്തത്തില്‍ 1201 കോടി രൂപയുടെ നഷ്ടപരിഹാര കണക്ക് കേന്ദ്രത്തിന് കൊടുത്തതാണെന്ന് മന്ത്രി കെ. രാജന്‍ അറിയിച്ചു. കേരളം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടപോലെ ദുരന്തത്തെ എല്‍ 3 വിഭാഗത്തിൽ പെടുത്തുകയോ ദുരന്ത ബാധിതരുടെ കടം എഴുതിത്തള്ളുകയോ ചെയ്തിട്ടില്ലെന്നും രാജന്‍ പറഞ്ഞു. സെക്ഷൻ 13 പ്രകാരം കടം എഴുതി തള്ളാൻ കേന്ദ്രത്തിനാകും, എന്നാല്‍ കേന്ദ്രം അത് ചെയ്തില്ലെന്നും അഡീഷണൻ അസിസ്റ്റൻസ് കേരളത്തിന് നൽകിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.