NEWSROOM

ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിന് പണം ആവശ്യപ്പെട്ടു; കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

വയനാട് പുനരധിവാസത്തിന് എസ്‌ഡിആർഎഫ് മാനദണ്ഡത്തിൽ മാറ്റം വരുത്താനാകുമോ എന്ന് കേന്ദ്രം വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു

Author : ന്യൂസ് ഡെസ്ക്

ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ടതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. എയര്‍ലിഫ്റ്റിംഗ് ചാര്‍ജായി 132.62 കോടി എന്തിനാണ് ആവശ്യപ്പെട്ടതെന്ന് കോടതി ചോദിച്ചു. വയനാട് പുനരധിവാസത്തിന് എസ്‌ഡിആർഎഫ് മാനദണ്ഡത്തിൽ മാറ്റം വരുത്താനാകുമോ എന്ന് കേന്ദ്രം വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.


വയനാട് ദുരന്തവുമായി ബന്ധപ്പെട് ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കവെയാണ് കേന്ദ്രത്തിനെതിരായ വിമർശനം. വയനാട് ദുരന്തത്തിന്റെ സഹായം വർധിപ്പിക്കണം എന്ന ആവശ്യം മുന്നിലുള്ളപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ ഹെലികോപ്റ്റർ വാടക ഉൾപ്പടെ ആവശ്യപ്പെടുന്നത്. ഇത്രയും വര്‍ഷം കാത്തിരുന്നല്ലോ, അടുത്ത ആറ് മാസം കൂടി കാത്തിരുന്ന് തുക ചോദിച്ചാല്‍ പോരെയെന്നായിരുന്നു കോടതിയുടെ ചോദ്യം. നിലവിൽ എസ്‌ഡിആർഎഫ് ഫണ്ടിൽ 181 കോടി രൂപയുണ്ട്.

എന്നാൽ കേന്ദ്ര മാനദണ്ഡത്തിൽ മാറ്റം വരുത്താതെ, ഇത് വിനയോഗിക്കാനാവില്ലെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചിരിക്കുന്നത്. തുടർന്ന് വിനയോഗം സംബന്ധിച്ചുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനാകുമോയെന്ന് കേന്ദ്രം വിശദീകരിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. കേന്ദ്രസഹായം ആവശ്യപ്പെട്ട് ആഭ്യന്ത്രര സെക്രട്ടറിക്ക് അയച്ച കത്ത് എജി കോടതിയിൽ ഹാജരാക്കി. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബെഞ്ച് ഹർജി ജനുവരി 10ന് വീണ്ടും പരിഗണിക്കും.

SCROLL FOR NEXT