NEWSROOM

ഞെട്ടലുണ്ടാക്കുന്ന റിപ്പോര്‍ട്ട്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതി അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി

ചീഫ് പൊലീസ് കോര്‍ഡിനേറ്ററുടെ റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

Author : ന്യൂസ് ഡെസ്ക്

ശബരിമലയില്‍ പൊലീസ് നേതൃത്വത്തിലുള്ള 'പുണ്യം പൂങ്കാവനം' പദ്ധതി അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. പദ്ധതിക്കായി പണപ്പിരിവ് നടത്തിയെന്ന ശബരിമല ചീഫ് പൊലീസ് കോര്‍ഡിനേറ്ററുടെ റിപ്പോര്‍ട്ടില്‍ ഡിവിഷന്‍ ബെഞ്ച് നടുക്കം രേഖപ്പെടുത്തി.

ശബരിമല ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ മുദ്രവെച്ച കവറില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബെഞ്ചിന്റെ നടപടി. ചീഫ് പൊലീസ് കോര്‍ഡിനേറ്ററുടെ റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

'പുണ്യം പൂങ്കാവനം' പദ്ധതിയുടെ പേരില്‍ ഭക്തര്‍ വഞ്ചിക്കപ്പെടരുതെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്റേതാണ് നടപടി. 'പുണ്യം പൂങ്കാവനം' പദ്ധതിക്കായി എരുമേലിയില്‍ നിന്ന് പണം പിരിച്ചെന്നായിരുന്നു എഡിജിപി എം.ആര്‍. അജിത് കുമാറിന്റെ റിപ്പോര്‍ട്ട്. എരുമേലിയിലെ പണപ്പിരിവ് സംബന്ധിച്ച് കോട്ടയം ജില്ലാ പൊലീസ് മേധാവി ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ക്കും റിപ്പോര്‍ട്ട് നല്‍കി.

കഴിഞ്ഞ രണ്ട് മണ്ഡല-മകരവിളക്ക് ഉത്സവ കാലത്തും 'പുണ്യം പൂങ്കാവനം' പദ്ധതി ശബരിമലയില്‍ സംഘടിപ്പിച്ചിട്ടില്ല. 2011ലാണ് കമ്യൂണിറ്റി പൊലീസിംഗ് സംവിധാനത്തിന്റെ ഭാഗമായി ശബരിമലയില്‍ 'പുണ്യം പൂങ്കാവനം' പദ്ധതി ആരംഭിച്ചത്. മണ്ഡല-മകരവിളക്ക് ഉത്സവ സീസണില്‍ ശബരിമലയും പരിസര പ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കുക എന്നതായിരുന്നു പദ്ധതിയുടെ ഉദ്ദേശം. ഭക്തരുടെ കൂടി സഹകരണത്തോടെ പദ്ധതി നടപ്പാക്കാനായിരുന്നു പൊലീസിന്റെ തീരുമാനം.

'പുണ്യം പൂങ്കാവനം' പദ്ധതിക്ക് വേണ്ടിയും ദേവസ്വം ബോര്‍ഡ് നടപ്പാക്കുന്ന പവിത്രം പദ്ധതിക്കായും ഫണ്ട് ശേഖരിക്കരുതെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശിച്ചത്.

SCROLL FOR NEXT