NEWSROOM

മാണി .സി. കാപ്പന് ആശ്വാസം; തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി തള്ളി ഹൈക്കോടതി

സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സി.വി. ജോണാണ് ഇത് സംബന്ധിച്ച് ഹർജി നൽകിയത്

Author : ന്യൂസ് ഡെസ്ക്

പാല എംഎൽഎ മാണി സി.കാപ്പൻ്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി ജയചന്ദ്രനാണ് ഹർജിയിൽ  വിധി പറഞ്ഞത്. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച  സി.വി.ജോണാണ് ഇത് സംബന്ധിച്ച് ഹർജി നൽകിയത്. പ്രചാരണത്തിന് പരിധിയിൽ കവിഞ്ഞ പണം ചെലവഴിച്ചെന്നാണ് ഹർജിയിൽ പറഞ്ഞത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി റിട്ടേണിങ് ഓഫീസര്‍ക്കും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ഹർജിക്കാരന്‍ വെളിപ്പെടുത്തിയിരുന്നു. കൂടാതെ മാണി .സി. കാപ്പൻ തെരഞ്ഞെടുപ്പ് വേളയിൽ നിയമപ്രകാരമുള്ള രേഖകൾ സമർപ്പിച്ചിട്ടില്ല, തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ വൻതുക വിനിയോഗിച്ചു തുടങ്ങിയ ആരോപണങ്ങളും ഹർജിയിൽ ഉൾപ്പെടുത്തിയിരുന്നു.

എന്നാൽ ആരോപണത്തിന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇടതുതരംഗം ആഞ്ഞ് വീശിയ നിയമസഭാ തെരഞ്ഞെടുപ്പിൽ  ജോസ് കെ മാണിയെയാണ്,  യുഡിഎഫ് സ്ഥാനാർഥിയായ മാണി. സി. കാപ്പൻ പരാജയപ്പെടുത്തിയത്. 15375 വോട്ടിൻ്റെ ഭൂരിപക്ഷത്തിലായിരുന്നു മാണി. സി. കാപ്പൻ വിജയം. 

2021 ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച മാണി. സി. കാപ്പന്‍ 15,378 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ്. കെ. മാണിയെ പരാജയപ്പെടുത്തിയത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി വി ജോണിന് 249 വോട്ടുകള്‍ മാത്രമാണ് നേടാനായത്. വിജയിച്ചാൽ മന്ത്രി സ്ഥാനം ലഭിച്ചേക്കാവുന്ന അവസരമാണ്, തോല്‍വിയെ തുടർന്ന് ജോസ്. കെ. മാണിക്ക് നഷ്ടമായത്.

SCROLL FOR NEXT