NEWSROOM

ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ല; ഹർജി ഡിവിഷൻ ബെഞ്ചും തള്ളി

വിചാരണ അവസാനഘട്ടത്തിലാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ദിലീപിൻ്റെ അപ്പീൽ നിഷേധിച്ചത്.

Author : ന്യൂസ് ഡെസ്ക്

നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിന് തിരിച്ചടി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. വിചാരണ അവസാനഘട്ടത്തിലാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ദിലീപിൻ്റെ അപ്പീൽ നിഷേധിച്ചത്.


സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. കേസന്വേഷണം ഏജൻസികൾക്ക് വിടുന്നതിനാവശ്യമായ കാരണങ്ങളില്ലെന്ന് വിലയിരുത്തിയായിരുന്നു സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ്. എന്നാൽ പൊലീസ് അന്വേഷണം ദുരുദ്ദേശ്യപരമാണെന്നും മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്നും ആരോപിച്ചാണ് ദിലീപ് വീണ്ടും കോടതിയെ സമീപിച്ചത്.


കേസിൽ പൊലീസ് പക്ഷപാതപരമായാണ് അന്വേഷണം നടത്തിയതെന്നും, ഈ സാഹചര്യത്തിൽ സത്യം പുറത്തുകൊണ്ടു വരാൻ സിബിഐ അന്വേഷണം വേണമെന്നായിരുന്നു ദിലീപിൻ്റെ ഹർജിയിലെ ആവശ്യം. ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ദിലീപിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കേസില്‍ പ്രതിയായ ഒരാള്‍ക്ക് എങ്ങനെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ കഴിയുക എന്നായിരുന്നു സിംഗിൾ ബെഞ്ചിൻ്റെ ചോദ്യം.

2020 ജനുവരിയിലാണ് കേസിൻ്റെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിക്കുന്നത്. പ്രത്യേക കോടതിയിൽ വിചാരണ തുടങ്ങി അ‍ഞ്ച് വ‍ർഷങ്ങൾക്ക് ശേഷമാണ് വിചാരണ നടപടികൾ പൂ‍ർത്തിയാകുന്നത്. മധ്യ വേനൽ അവധി ആരംഭിക്കുന്ന ഈ മാസം 11ന് മുൻപ് തന്നെ വിചാരണയുടെ ഭാ​ഗമായുള്ള നടപടികൾ പൂ‍ർത്തിയാക്കണം എന്ന് കോടതി തന്നെ അറിയിപ്പ് നൽകിയിട്ടുണ്ട്. അതിൻ്റെ അടിസ്ഥാനത്തിൽ വാദം അടക്കമുള്ള കാര്യങ്ങൾ പ്രോസിക്യൂഷനും പ്രതിഭാ​ഗവും പൂർത്തയാക്കും. ഇന്ന് കേസ് വിധി പറയാനായി മാറ്റും. ഏകദേശം രണ്ട് മാസത്തിന് ശേഷമായിരിക്കും കേസിൽ വിധി വരിക എന്നാണ് വിവരം.


2017 ഫെബ്രുവരിയിലാണ് അങ്കമാലിയിൽ വെച്ച് ഓടുന്ന കാറിൽ വെച്ച് നടി ആക്രമിക്കപ്പെടുന്നത്. സിനിമാ ലൊക്കേഷനിൽ നിന്നും മടങ്ങുകയായിരുന്ന നടിയെ പൾസർ സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം തക്കം പാർത്തിരുന്ന് ആക്രമിക്കുകയായിരുന്നു. ഇത് ദിലീപ് നൽകിയ ക്വട്ടേഷനായിരുന്നു എന്നാണ് പിന്നീട് അന്വേഷണ സംഘം കണ്ടെത്തിയത്. ഇതിനെ തുടർന്ന് 2017 ജൂലൈ 10ന് നടൻ അറസ്റ്റിലാകുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു. പിന്നീട് 86 ദിവസത്തിന് ശേഷമാണ് കോടതി നടന് ജാമ്യം അനുവദിച്ചത്.

2017 നവംബറിൽ കേസിൻ്റെ കുറ്റപത്രം സമ‍ർപ്പിച്ചിരുവെങ്കിലും കേസിൻ്റെ വിചാരണ നടപടികൾ ആരംഭിക്കുന്നത് 2020 ജനുവരി 30നാണ്. ഈ കേസിൽ 1600 രേഖകളാണ് പൊലീസ് കൈമാറിയിരുന്നത്. 260 സാക്ഷികളെ കേസിൽ വിസ്തരിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോ​ഗസ്ഥനായ ബൈജു പൗലോസിനെ വിസ്തരിക്കാൻ മാത്രം ഒരു മാസം സമയമെടുത്തിരുന്നു. അത്തരത്തിൽ ദീ‍ർഘമായ വിസ്താരം പൂ‍ർത്തിയാക്കിയാണ് കേസ് അവസാന ഘട്ടത്തിൽ എത്തുന്നത്.

SCROLL FOR NEXT