വഞ്ചിയൂരിൽ വഴി തടഞ്ഞ് സ്റ്റേജ് കെട്ടിയ കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കി ഹൈക്കോടതി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച നടപടികൾ ഡിജിപി സത്യവാങ്മൂലമായി സമർപ്പിക്കണമെന്നും കോടതി അറിയിച്ചു. കേസ് ഹൈക്കോടതി മാർച്ച് 3 ന് വീണ്ടും പരിഗണിക്കും.
ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഹൈക്കോടതിയിൽ ഹാജരായിരുന്നു. കോടതിയലക്ഷ്യക്കേസിൽ എതിർകക്ഷികളായ പൊലീസ് ഉദ്യോഗസ്ഥർ വിശദമായ മറുപടി സത്യവാങ്മൂലം നൽകണമെന്നും കോടതി വ്യക്തമാക്കി. റോഡ് തടഞ്ഞ് സ്റ്റേജ് നിർമിച്ച സംഭവത്തിൽ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന നിർദേശത്തെ നിയമപരമായി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിൽ സമരവും പ്രക്ഷോഭവുമൊക്കെ സാധാരണമാണെന്നും എക്സിക്യൂട്ടീവും, ജുഡീഷ്യറിയും, ലെജിസ്ലേച്ചറും ചേരുന്നതാണ് ഭരണമെന്നുമായിരുന്നു എം.വി. ഗോവിന്ദൻ്റെ പ്രസ്താവന.
വഞ്ചിയൂരില്‍ ഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഎം ഏരിയ സമ്മേളനവുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കടകംപള്ളി സുരേന്ദ്രൻ, എം. വിജയകുമാർ, വി. ജോയ്, വി.കെ. പ്രശാന്ത് എന്നിവർക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കൊച്ചി കോർപ്പറേഷന് മുന്നിൽ നടന്ന പരിപാടിയുടെ പേരിൽ ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, ടി.ജെ. വിനോദ്, ഡൊമിനിക് പ്രസന്റേഷൻ എന്നിവരോടും നേരിട്ട് ഹാജരാകാൻ നിർദേശം നല്‍കിയിരുന്നു.
സിപിഐ നേതാക്കളായ ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍, ജയചന്ദ്രൻ കല്ലിങ്കല്‍ (ജോ. കൗൺസിൽ), പൊലീസ് ഉദ്യോഗസ്ഥരായ ജി. സ്പർജൻകുമാർ, പുട്ട വിമാലാദിത്യ, കിരൺ നാരായണൻ, ഡി. ഗിരിലാൽ, അനീഷ് ജോയ്, പ്രജീഷ് ശശി എന്നിവരാണ് നേരിട്ട് ഹാജരാകേണ്ട മറ്റ് കക്ഷികള്‍. കേസിൽ കക്ഷികളാണെങ്കിലും നേരിട്ട് ഉത്തരവാദികളല്ല എന്നതിനാൽ ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരെ ഹാജാരാകുന്നതിൽ നിന്ന് ഒഴിവാക്കി. എന്നാൽ എല്ലാവരുടെയും പേരിൽ കോടതിയലക്ഷ്യ നോട്ടീസ് അയച്ചിട്ടുണ്ട്.