NEWSROOM

ലൈംഗിക പീഡന പരാതി; വി.കെ പ്രകാശിന് മുന്‍കൂര്‍ ജാമ്യം

കോടതിയില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു

Author : ന്യൂസ് ഡെസ്ക്


യുവ കഥാകൃത്തിന്റെ ലൈംഗിക പീഡന പരാതിയില്‍ സംവിധായകന്‍ വി.കെ പ്രകാശിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഒരാഴ്ച്ചക്കുള്ളില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശത്തോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. യുവതിയായ തിരക്കഥാകൃത്തിന്റെ പരാതിയിലാണ് വി.കെ. പ്രകാശിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. ഭീഷണപ്പെടുത്തി പണം തട്ടാന്‍ ഉദ്ദേശിച്ച് യുവതി തെറ്റായ ആരോപണമുന്നയിച്ചതാണെന്നായിരുന്നു വി.കെ പ്രകാശിന്റെ വാദം. കോടതിയില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

കഥ പറയാനെത്തിയപ്പോള്‍ അപമര്യാദയായി സംവിധായകന്‍ പെരുമാറിയെന്നാണ് യുവതിയുടെ ആരോപണം. രണ്ട് വര്‍ഷം മുന്‍പ് എഴുതിയ കഥ സിനിമയാക്കുന്നതിനായി പരാതിക്കാരി വി.കെ പ്രകാശിനെ സമീപിച്ചിരുന്നു. കഥയുടെ ത്രെഡ് കേട്ട ശേഷം കൂടുതല്‍ ചര്‍ച്ചകള്‍ക്കായി കൊല്ലത്തെ ഹോട്ടലിലേക്ക് ഇവരെ വിളിച്ചുവരുത്തി. കഥയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ മദ്യം ഓഫര്‍ ചെയ്തു.

അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്നും യുവതിയോട് സംവിധായകന്‍ ചോദിച്ചു. താല്‍പര്യമില്ലെന്ന് അറിയിച്ചിട്ടും രംഗം അവതരിപ്പിച്ച് കാണിക്കാന്‍ സംവിധായകന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇതിനിടെ ശരീരത്തില്‍ സ്പര്‍ശിച്ചതോടെ യുവതി അസ്വസ്ഥയായി ഹോട്ടലില്‍ നിന്ന് ഇറങ്ങിപ്പോയി.

പിറ്റേന്ന് രാവിലെ യുവതിയെ ഫോണില്‍ വിളിച്ച് സംഭവം പുറത്തു പറയാതിരിക്കാന്‍ പ്രതിഫലം വാഗ്ദാനം ചെയ്തു. പിന്നാലെ മറ്റൊരാളുടെ അക്കൗണ്ടില്‍ നിന്ന് പതിനായിരം രൂപ അയച്ചാതായുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിക്കും ഡിജിപിക്കും യുവതി പരാതി നല്‍കിയിരുന്നു.

SCROLL FOR NEXT