NEWSROOM

ബലാത്സംഗക്കേസ്; നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

പരാതി നല്‍കാനുള്ള കാലതാമസം പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി

Author : ന്യൂസ് ഡെസ്ക്


ബലാത്സംഗക്കേസില്‍ നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. അടിമാലി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം. പരാതി നല്‍കാനുള്ള കാലതാമസം പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. യുവതിയെ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നായിരുന്നു ബാബുരാജിനെതിരായുള്ള കേസ്. പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും നിർദേശമുണ്ട്.

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയാണ് ബാബുരാജ് പീഡിപ്പിച്ചതെന്നായിരുന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിയുടെ പരാതി. ആലുവയിലെ വീട്ടിലെത്താന്‍ ആവശ്യപ്പെടുകയും മുഴുനീള കഥാപാത്രം നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. സിനിമയുമായി ബന്ധപ്പെട്ട സംവിധായകനും കാസ്റ്റിംഗ് ഡയറക്ടറും കണ്‍ട്രോളറും ആലുവയിലെ വീട്ടില്‍ ഉണ്ടാകുമെന്ന് പറഞ്ഞാണ് വിളിച്ചുവരുത്തിയത്. എന്നാല്‍ അവിടെ എത്തിയപ്പോള്‍ അവരാരും തന്നെ അവിടെ ഉണ്ടായിരുന്നില്ലെന്നും പിന്നീട് തന്റെ മുറിയിലേക്ക് കയറി തന്നെ പീഡിപ്പിച്ചുവെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

തുടർന്ന് പരാതിയിൽ അടിമാലി പൊലീസ് ബാബുരാജിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു. ഡിഐജിക്ക് മെയിൽ വഴി നൽകിയ പരാതിയാണ് അടിമാലി പൊലീസിന് കൈമാറിയത്. കേസിൽ ഓൺലൈനായാണ് അടിമാലി പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.

SCROLL FOR NEXT