ലൈംഗിക പീഡനത്തിനിരയാകുന്ന കുട്ടികൾക്ക് സഹതാപമല്ല സംരക്ഷണമാണ് വേണ്ടതെന്ന് ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത ഇരകളെ സമൂഹം ഹൃദയത്തോട് ചേർത്ത് നിർത്തണം. മറ്റുള്ളവരെ പോലെ അഭിമാനത്തോടെ സമൂഹത്തിൽ ജീവിക്കാൻ അവർ പ്രാപ്തരാണെന്ന് ഉറപ്പു വരുത്തണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിർദേശിച്ചു. മുത്തശ്ശിയുടെ രണ്ടാം ഭർത്താവിന്റെ ലൈംഗിക അതിക്രമത്തിന് ഇരയായ 17 വയസുകാരിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവിലായിരുന്നു ഹൈക്കോടതിയുടെ ഈ നിർദേശം.
പീഡനത്തിന് ഇരയായ കുട്ടിയുടെ അമ്മ എട്ട് വർഷം മുമ്പ് കാൻസർ ബാധിച്ച് മരിച്ചിരുന്നു. കുട്ടിക്കാലത്ത് അച്ഛൻ ഉപേക്ഷിച്ചുപോയതിനാൽ, മുത്തശ്ശിയുടെയും രണ്ടാനച്ഛന്റെയും കൂടെയാണ് കുട്ടി താമസിച്ചിരുന്നത്. കുട്ടിയെ ആറാംക്ലാസ് മുതൽ പ്രതി പീഡിപ്പിക്കുന്നതായിട്ടായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. ആദ്യ കാലത്ത് പ്രതിയുടെ പ്രവൃത്തിയുടെ തീവ്രത തനിക്ക് അറിയില്ലായിരുന്നുവെന്ന് അതിജീവിതയായ കുട്ടിയുടെ മൊഴി. പിന്നീട് കുട്ടി ചെറുത്തുനിൽക്കാൻ തുടങ്ങിയപ്പോൾ, സംഭവം മറ്റാരോടെങ്കിലും പറഞ്ഞാൽ മുത്തശ്ശിയെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നുമാണ് കുട്ടി പറഞ്ഞത്. കഴിഞ്ഞ നവംബറിലാണ് പൊലീസിനോട് ഈ വിവരം വെളിപ്പെടുത്തിയത്.
തിരുവനന്തപുരം വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ജാമ്യം തേടി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തന്റെ ചെറുമകൾ തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് മൊഴി നൽകിയതെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പ്രതിയുടെ കൂട്ടുകെട്ടിൽ താൽപ്പര്യമില്ലെന്നും കുട്ടിയുടെ മുത്തശ്ശി കോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചു. ഇതിനെ തുടർന്ന് കേരള ലീഗൽ സർവീസ് അതോറിറ്റിയുടെ കീഴിലുള്ള വിക്ടിംസ് റൈറ്റ്സ് സെന്ററിന്റെ (വിആർസി) പ്രോജക്ട് കോർഡിനേറ്ററായ അഭിഭാഷക പാർവതി മേനോൻ എ യോട് ഇരയുമായി ആശയവിനിമയം നടത്താൻ കോടതി ആവശ്യപ്പെട്ടു. കുട്ടി മുത്തശ്ശിയുടെ സത്യവാങ്മൂലം ശരിവച്ചുവെന്നായിരുന്നു പാർവതി മേനോൻ സമർപ്പിച്ച റിപ്പോർട്ട്. കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ നിരന്തരമായി കൗൺസിലിങ് നൽകിയാലും കുട്ടി പൊലീസിനു നൽകിയ മൊഴിയിൽ നിന്നും പിന്മാറാൻ സാധ്യതയുണ്ടെന്നും വിആർസി കോർഡിനേറ്റർ പറയുന്നു. പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും, പിന്തുണയ്ക്കാൻ ഒരാളെ നിയമിക്കണമെന്നും, പതിവായി കൗൺസിലിങ് സെഷനുകൾ നൽകണമെന്നും അഡ്വ. പാർവതി റിപ്പോർട്ടിൽ നിർദേശിച്ചു. റിപ്പോർട്ട് പരിശോധിച്ച കോടതി പ്രതിയെ ആശ്രയിച്ചാണ് കുട്ടിയും മുത്തശ്ശിയും ജീവിക്കുന്നതെന്നും മുത്തച്ഛന്‍റെ ദീർഘകാല കസ്റ്റഡി അതിജീവിതയ്ക്ക് മാനസികാഘാതം ഉണ്ടാക്കുന്നുവെന്നും കണക്കിലെടുത്ത് കർശന ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 4 r/w 3(b), 3(d), 7 (ലൈംഗികാതിക്രമം), 10 r/w 9(l),(n),(p) (ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ നിയമം (പോക്സോ ആക്ട്), സെക്ഷൻ 354 (സ്ത്രീകളുടെ മാന്യതയെ വ്രണപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയുള്ള ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം), 354A(1)(i) (ലൈംഗിക പീഡനം), 354B, 376, 376(2)(f) (ബലാത്സംഗം) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.