NEWSROOM

ഹണി റോസിനെതിരെ മോശം പരാമർശം; രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും

ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെയും അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ടാണ് രാഹുലിന്റെ നീക്കം

Author : ന്യൂസ് ഡെസ്ക്

സമൂഹമാധ്യമം വഴി അപകീർത്തിപ്പെടുത്തിയെന്ന നടി ഹണിറോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും. തന്റെ അറസ്റ്റ് തടയണമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഹൈക്കോടതിയിൽ ജാമ്യപേക്ഷ നൽകിയത്. ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെയും അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ടാണ് രാഹുലിന്റെ നീക്കം.

സമൂഹമാധ്യമം വഴി അപകീർത്തിപ്പെടുത്തിയെന്ന് കാട്ടി എറണാകുളം സെൻട്രൽ പൊലീസിലാണ് ഹണി റോസ് പരാതി നൽകിയത്. തൃശൂർ സ്വദേശിയും രാഹുലിനെതിരെ പരാതി നൽകിയിട്ടുണ്ട്. ചാനൽ ചർച്ചകളിൽ ഹണി റോസിനെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ചാണ് തൃശൂർ സ്വദേശി സലിം രാഹുൽ ഈശ്വറിനെതിരെ പരാതി നൽകിയത്.

താനും കുടുംബവും നിലവിൽ അനുഭവിക്കുന്ന കടുത്ത മാനസികസമ്മർദത്തിന്റെ പ്രധാന കാരണക്കാരിൽ ഒരാൾ രാഹുൽ ഈശ്വർ ആണെന്നാണ് കഴിഞ്ഞ​ദിവസം നടി ഹണിറോസ് പറഞ്ഞത്. ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഹണിറോസ് വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹണിറോസ് നിലപാട് വ്യക്തമാക്കിയത്. രാഹുൽ ഈശ്വർ മാപ്പ് അർഹിക്കുന്നില്ലെന്നും ഹണി റോസ് പറഞ്ഞിരുന്നു.

ഹണി റോസിന്റെ വസ്ത്രം പൊതു സമൂഹം ഓഡിറ്റു ചെയ്യുമെന്നാണ് ഹണിറോസിന് രാഹുല്‍ ഈശ്വര്‍ നൽകിയ മറുപടി. ഹണി റോസ് വിമര്‍ശനത്തിനതീതയല്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. സംഘടിതമായ ആക്രമണം ഒരിക്കലും താന്‍ നടത്തിയിട്ടില്ലെന്നും അങ്ങനെ നടത്തിയെന്ന് തെളിഞ്ഞാല്‍ വിചാരണ പോലും നേരിടാതെ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.

SCROLL FOR NEXT