NEWSROOM

സിനിമയിലെ വയലന്‍സ് സമൂഹത്തെ ബാധിക്കുന്നു; നിയന്ത്രിക്കാന്‍ ഇടപെടുന്നതിന് ഭരണകൂടത്തിന് പരിമിതിയുണ്ട്: ഹൈക്കോടതി

ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് സിനിമയില്‍ വയലന്‍സുണ്ടെന്ന് കോടതി ചൂണ്ടികാണിച്ചത്.

Author : ന്യൂസ് ഡെസ്ക്

സിനിമയിലെ വയലന്‍സ് സമൂഹത്തെ ബാധിക്കുന്നുണ്ടെന്ന് ഹൈക്കോടതി. ഇത് നിയന്ത്രിക്കാന്‍ ഇടപെടുന്നതില്‍ ഭരണകൂടത്തിന് പരിമിതിയുണ്ടെന്നും കോടതി പറഞ്ഞു. അഭിപ്രായ സ്വാതന്ത്യത്തിന്റെ പേരിലാണ് വയലന്‍സിനെ മഹത്വവല്‍ക്കരിക്കുന്നതെന്നും ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് സിനിമയില്‍ വയലന്‍സുണ്ടെന്ന് കോടതി ചൂണ്ടികാണിച്ചത്. സിനിമയിലെ വയലന്‍സ് നിയന്ത്രിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷനാണ് ആവശ്യപ്പെട്ടത്. സിനിമയില്‍ മാത്രമല്ല ടൂറിസം അടക്കം മേഖലയില്‍ ജെന്‍ഡര്‍ ബുള്ളിയിംഗ് ഉള്‍പ്പെടെയുണ്ടെന്ന് ഡബ്ല്യൂസിസിയും കോടതിയെ അറിയിച്ചു.

ഇത്തരം വിഷയങ്ങള്‍ സിനിമയുമായി ബന്ധപ്പെട്ട നിയമ നിര്‍മാണത്തില്‍ ഉള്‍പെടുത്തണമെന്ന് നര്‍ിദേശിച്ച കോടതി വിഷയം ഏപ്രില്‍ നാലിന് വീണ്ടും പരിഗണിക്കാന്‍ മാറ്റി. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതിന് മൊഴി നല്‍കാന്‍ താല്‍പര്യമില്ലാത്തവരെ നിര്‍ബന്ധിക്കരുതെന്നും കോടതി വ്യക്തമാക്കി.

അന്വേഷണത്തിന്റെ പേരില്‍ ആരെയും ബുദ്ധിമുട്ടിക്കാനാവില്ല. എസ്‌ഐടി ബുദ്ധിമുട്ടുണ്ടാക്കിയാല്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് കിട്ടിയവര്‍ക്ക് മജിസ്‌ട്രേറ്റിന് മൊഴി നല്‍കാം. അല്ലെങ്കില്‍ ഹാജരായി താല്‍പ്പര്യമില്ലെന്ന് അറിയിക്കാമെന്നും കോടതി പറഞ്ഞു.

SCROLL FOR NEXT