NEWSROOM

വലിയ തുകയൊന്നുമല്ലെന്ന് ഓര്‍ക്കണം; വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിള്ളാന്‍ കേന്ദ്രം തയ്യാറാകണം: ഹൈക്കോടതി

'കേന്ദ്ര സര്‍ക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും വിവേചനാധികാരം വിനിയോഗിക്കണം'

Author : ന്യൂസ് ഡെസ്ക്


മുണ്ടക്കൈ - ചൂരല്‍മല ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ജീവിതം നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ കേന്ദ്രം മുന്നോട്ട് വരണം. എഴുതി തള്ളേണ്ടത് വലിയ തുകയല്ലെന്നും കോടതി ഓര്‍മിപ്പിച്ചു.

കേന്ദ്ര സര്‍ക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും വിവേചനാധികാരം വിനിയോഗിക്കണം. ബാങ്ക് വായ്പ എഴുതിത്തള്ളാന്‍ നിര്‍ദ്ദേശിക്കാന്‍ ദുരന്ത നിവാരണ നിയമത്തില്‍ വ്യവസ്ഥയുണ്ട്. വ്യവസ്ഥ ഉപയോഗിക്കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാകണമെന്നും ഹൈക്കോടതി പറഞ്ഞു.

വായ്പ എഴുതിത്തള്ളുന്നള്ളാത്ത ബാങ്കുകളുടെ നടപടി ഹൃദയശൂന്യതയാണ്. കേന്ദ്ര സര്‍ക്കാര്‍ ക്ഷേമ രാഷ്ട്രത്തിലെ ഭരണ നിര്‍വഹണം നടത്തുമെന്ന് കരുതുന്നു. ജീവിതം നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരണം. എഴുതിത്തള്ളേണ്ടത് വലിയ തുകയല്ലെന്ന് ഹൈക്കോടതി ഓര്‍മിപ്പിക്കുകയും ചെയ്തു.

അതേസമയം, ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ ക്രൂരമായ പ്രസ്താവനയാണ് കോടതിയില്‍ കണ്ടതെന്ന് മന്ത്രി കെ. രാജന്‍ പ്രതികരിച്ചിരുന്നു. കേരളത്തെ ഒരു തരത്തിലും മുന്നോട്ട് നയിക്കില്ലെന്നാണ് കേന്ദ്ര നിലപാട്. പച്ചക്കള്ളമാണ് കേന്ദ്രത്തിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ പറഞ്ഞത്.

കേന്ദ്ര നിലപാട് ചൂരല്‍മല നിവാസികളുടെ തലയില്‍ ഇടുത്തി മഴ പെയ്യും പോലെ. 779 കുടുംബങ്ങള്‍ക്കായി 30 കോടിയുടെ വായ്പയാണുള്ളത്. മനുഷ്യത്വ വിരുദ്ധമായ സമീപനമാണ് കേന്ദ്രം കാണിക്കുന്നത്. കടബാധിതരെ കേരളം ഒറ്റയ്ക്കാക്കില്ല. സിബില്‍ സ്‌കോറിനെ ബാധിക്കാത്ത രീതിയില്‍ നടപടി വേണമെന്നും മന്ത്രി പറഞ്ഞു.

SCROLL FOR NEXT