NEWSROOM

കർഷക സമരത്തിനിടെ അടച്ച ശംഭു അതിർത്തി തുറക്കാൻ ഹൈക്കോടതി നിർദേശം; ഡല്‍ഹി മാര്‍ച്ചിനൊരുങ്ങി കര്‍ഷകര്‍

ഡൽഹിയിലെ ജന്തർ മന്തറിലോ രാംലീല മൈതാനിലോ സമാധാനപരമായ പ്രതിഷേധം തുടരുമെന്ന് കർഷകർ

Author : ന്യൂസ് ഡെസ്ക്

കര്‍ഷകസമരത്തിനിടെ അടച്ചിട്ട ശംഭു അതിര്‍ത്തി തുറക്കാനുള്ള പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിനു പിന്നാലെ ഡല്‍ഹിയിലേക്ക് മാര്‍ച്ചിനൊരുങ്ങി കര്‍ഷകര്‍. ഡല്‍ഹിയില്‍ ജന്തര്‍ മന്ദറിലോ, രാംലീല മൈതാനിയിലോ സമാധാനപരമായ പ്രതിഷേധത്തിനാണ് നീക്കമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ഏക്താ സിദ്ധുപ്പുര്‍ പ്രസിഡന്റ് ജഗ്ജീത് സിംഗ് ദല്ലേവാളിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

പ്രതിഷേധത്തിനിടെ അറസ്റ്റിലായ നവദീപ് സിംഗിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെയും മറ്റന്നാളും അംബാലയിൽ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും കർഷകസംഘടനകൾ പറഞ്ഞു. ഫെബ്രുവരിയിൽ പ്രതിഷേധിച്ച കർഷകരും ഹരിയാന സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട, ശുഭ്‌കരൻ സിംഗിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തെക്കുറിച്ചും ഇവർ സംശയങ്ങൾ ഉന്നയിച്ചു.

വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഡൽഹിയിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ച പ്രതിഷേധക്കാരും പൊലീസുകാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതോടെ ഹരിയാന-പഞ്ചാബ് സംസ്ഥാന അതിർത്തിയായ ശംഭു പൊലീസ് കോൺക്രീറ്റ് ബാരിക്കേഡ് ഉപയോഗിച്ച് അടയ്ക്കുകയായിരുന്നു.

ഈ ബാരിക്കേഡുകൾ തങ്ങളുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികളും വ്യാപാരികളും പ്രതിഷേധിച്ചതിനെ തുടർന്നാണ് ഇവ നീക്കം ചെയ്യാനുള്ള നിർദേശം കോടതി മുന്നോട്ട് വെക്കുന്നത്. ഇതിനെതിരെ ഹരിയാന സർക്കാർ സുപ്രീം കോടതിയിൽ എത്തിയെങ്കിലും ഫലമുണ്ടായില്ല.

SCROLL FOR NEXT