NEWSROOM

ഐബി ഉദ്യോഗസ്ഥയുടെ മരണം: കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്

ഉദ്യോഗസ്ഥയുടെ മരണത്തില്‍ തന്റെ പങ്ക് സംശയിച്ച് മാതാപിതാക്കള്‍ പരാതി നല്‍കിയ പശ്ചാത്തലത്തിലാണ് കോടതിയെ സമീപിച്ചതെന്നാണ് ഹരജിക്കാരന്‍ പറയുന്നത്.

Author : ന്യൂസ് ഡെസ്ക്

ഐ.ബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്. സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് ജസ്റ്റിസ് എസ്. മുരളി കൃഷ്ണയുടെ ഉത്തരവ്. ഹര്‍ജിക്കാരനെതിരായ ആരോപണം ഗൗരവതരമാണെന്ന് വിലയിരുത്തിയാണ് കോടതി നിര്‍ദേശം 'മുന്‍കൂര്‍ ജാമ്യ ഹരജിയെ എതിര്‍ത്ത് യുവതിയുടെ മാതാവും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.

ഉദ്യോഗസ്ഥയുടെ മരണത്തില്‍ തന്റെ പങ്ക് സംശയിച്ച് മാതാപിതാക്കള്‍ പരാതി നല്‍കിയ പശ്ചാത്തലത്തിലാണ് കോടതിയെ സമീപിച്ചതെന്നാണ് ഹരജിക്കാരന്‍ പറയുന്നത്. തങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നുവെന്നും ഇതിനെ യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തത് യുവതിയില്‍ വലിയ തോതില്‍ മാനസിക സമ്മര്‍ദ്ദത്തിന് ഇടയാക്കിയെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.

സംഭവത്തില്‍ സുകാന്തിനെ ഐബി പിരിച്ചുവിട്ടിരുന്നു. ആത്മഹത്യ കേസില്‍ പ്രതി ചേര്‍ത്ത പശ്ചാത്തലത്തിലാണ് ഐബിയുടെ നടപടി. സുകാന്തിനെതിരെ കേസെടുത്തെന്ന് പൊലീസ് നേരത്തെ ഐബിയെ അറിയിച്ചിരുന്നു.

മാര്‍ച്ച് 24നാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥയെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണത്തിന് പിന്നാലെ സഹപ്രവര്‍ത്തകന്‍ സുകാന്തിനെതിരെ ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. യുവതിയെ സുകാന്ത് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തുവെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

പിന്നാലെ സുഹൃത്ത് സുകാന്തിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുകാന്തിനെതിരെ കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ ശരി വയ്ക്കുന്നതായിരുന്നു പൊലീസ് കണ്ടെടുത്ത രേഖകള്‍. ജൂലൈയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇവരുടെ ഗര്‍ഭഛിദ്രം നടത്തി. ഇതിനായി തയ്യാറാക്കിയ വ്യാജ വിവാഹക്ഷണക്കത്ത് പൊലീസ് കണ്ടെടുത്തു. സ്വകാര്യ ആശുപത്രിയിലെ ചികിത്സാ രേഖകള്‍ കുടുംബം നേരത്തെ പൊലീസിന് കൈമാറിയിരുന്നു. ഗര്‍ഭഛിദ്രം നടത്തിയ ശേഷമാണ് വിവാഹത്തിന് താല്‍പര്യമില്ലെന്ന് സുകാന്ത് യുവതിയുടെ അമ്മയെ അറിയിക്കുന്നത്. ഇക്കാരണങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണസംഘം കരുതുന്നത്.

കഴിഞ്ഞ ദിവസം സുകാന്തിനെ പ്രതിയാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ആത്മഹത്യാ പ്രേരണ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് സുകാന്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഒളിവില്‍ കഴിയുന്ന പ്രതി മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിച്ചുണ്ട്.

SCROLL FOR NEXT