കൽക്കട്ട ഹൈക്കോടതി 
NEWSROOM

"ലീവെടുത്ത് പുറത്തുപോകണം"; ആർ.ജി കർ കോളേജ് മുൻ പ്രിൻസിപ്പാളിനോട് ഹൈക്കോടതി

ആർജി കർ മെഡിക്കൽ കോളേജിൽ നിന്ന് രാജി വെച്ചതിന് തൊട്ടുപിന്നാലെ, കൽക്കട്ട നാഷണൽ മെഡിക്കൽ കോളേജിൽ പ്രിൻസിപ്പാളായി നിയമിക്കപ്പെട്ടതോടെയാണ് സന്ദീപ് ഘോഷിനോട് ഹൈക്കോടതി ലീവെടുക്കണമെന്ന് ഉത്തരവിട്ടത്

Author : ന്യൂസ് ഡെസ്ക്

ആർജി കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. സന്ദീപ് ഘോഷിനോട്, ലീവെടുത്ത് പുറത്തുപോകാൻ ആവശ്യപ്പെട്ട് കൽക്കട്ട ഹൈക്കോടതി. ആർജി കർ മെഡിക്കൽ കോളേജിൽ നിന്ന് രാജി വെച്ചതിന് തൊട്ടുപിന്നാലെ, കൽക്കട്ട നാഷണൽ മെഡിക്കൽ കോളേജിൽ പ്രിൻസിപ്പാളായി നിയമിക്കപ്പെട്ടതോടെയാണ് സന്ദീപ് ഘോഷിനോട് ഹൈക്കോടതി ലീവെടുക്കണമെന്ന് ഉത്തരവിട്ടത്. സന്ദീപ് ഘോഷ് ലീവെടുത്ത് പുറത്തുപോകണം, അതല്ലെങ്കിൽ കോടതി തന്നെ നോട്ടീസ് അയക്കേണ്ടി വരും, അയാളിൽ നിന്ന് മൊഴി എടുത്തിരുന്നോയെന്നും കോടതി ചോദിച്ചു.

കേസിൻ്റെ കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. സന്ദീപ് ഘോഷിൻ്റെ ആർജി കർ കോളേജിൽ നിന്നുള്ള രാജിക്കത്തും, കൽക്കട്ട നാഷണൽ മെഡിക്കൽ കോളേജിലെ അപ്പോയിൻ്റ്മെൻ്റ് ലെറ്ററും അതോടൊപ്പം സമർപ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഇതോടൊപ്പം, പ്രാഥമിക ഘട്ടത്തിൽ കേസ് ആത്മഹത്യയാണെന്ന് പൊലീസ് കേസ് റജിസ്റ്റർ ചെയ്തതിനെയും കോടതി ചോദ്യം ചെയ്തു.

ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഓരോ ഡോക്ടർമാരുടെയും ഉത്തരവാദിത്തം പ്രിൻസിപ്പാളിനാണ്. അയാൾ സഹാനുഭൂതി കാണിച്ചില്ലെങ്കിൽ, വേറെയാര് കാണിക്കാനാണെന്നും കോടതി ചോദിച്ചു. ആർജി കർ പ്രിൻസിപ്പാൾ ജോലിക്ക് പോകരുതെന്നും, വീട്ടിലിരിക്കണമെന്നും കൽക്കട്ട ഹൈക്കോടതി അറിയിച്ചു.


അതേസമയം, കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കനക്കുകയാണ്. സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനമെങ്ങും പ്രതിഷേധത്തിനൊരുങ്ങുകയാണ് സ്ത്രീ സമൂഹം. തലസ്ഥാനമായ കൊല്‍ക്കത്തയിലും പ്രധാന നഗരങ്ങളിലും സ്ത്രീകള്‍ അര്‍ധരാത്രിയോടെ തെരുവിലിറങ്ങും. "സ്വാതന്ത്ര്യത്തിന്റെ അർധരാത്രിയിൽ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായി" എന്നാണ് ചൊവ്വാഴ്ച രാത്രി 11.55ന് ആരംഭിക്കുന്ന പ്രതിഷേധ റാലിയെ വിശേഷിപ്പിച്ചിരിക്കുന്നത്. നഗരങ്ങളിലും, സമൂഹമാധ്യമങ്ങളിലും ഉള്‍പ്പെടെ പ്രതിഷേധ പോസ്റ്ററുകളും പ്രചരിപ്പിക്കുന്നുണ്ട്.

വെള്ളിയാഴ്ച രാവിലെയാണ്, പിജി വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജൂനിയർ ഡോക്ടർമാർ ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധം ശക്തമായതിനു പിന്നാലെ, ശനിയാഴ്ച പ്രതിയായ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ മറ്റു പ്രതികളില്ലെന്നും കൂടുതല്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് സിറ്റി പൊലീസ് കമ്മീഷണർ വിനീത് ഗോയൽ അറിയിച്ചത്.



SCROLL FOR NEXT