എം.എം. ലോറൻസിൻ്റെ മൃതദേഹം വീണ്ടും സൂക്ഷിച്ചു വെക്കാൻ ഹൈക്കോടതി ഉത്തരവ്. ഹിയറിങിൽ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവിറക്കിയത്. മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ നേതൃത്വത്തിൽ വീണ്ടും ഹിയറിങ് നടത്താനാകുമോയെന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച് നിലപാട് അറിയിക്കാൻ സർക്കാരിന് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനേക്കാൾ സീനിയറായ വ്യക്തിയെ ഉൾപ്പെടുത്തി ഹിയറിങ് നടത്തുന്ന കാര്യത്തിലാണ് കോടതി നിലപാട് തേടിയത്. അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറൻസിൻ്റെ മൃതശരീരം മതാചാര പ്രകാരം സംസ്കരിക്കാൻ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് മകൾ ആശാ ലോറൻസാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
ALSO READ: സ്വർണക്കടത്തിലൂടെ ലഭിക്കുന്ന പണം ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നു: പിണറായി വിജയൻ
ലോറൻസിൻ്റെ മൃതദേഹം പഠനാവശ്യത്തനായി ഏറ്റെടുക്കാനുള്ള കളമശേരി മെഡിക്കൽ കോളേജിന്റെ തീരുമാനം ചോദ്യം ചെയ്താണ് ഹർജി. മൃതദേഹം പഠനാവശ്യത്തിന് വിട്ടു നൽകുന്നതിനെതിരെ നേരത്തെ ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ ലോറൻസിന്റെ മൂന്ന് മക്കളേയും കേട്ട് തീരുമാനമെടുക്കാൻ നിർദേശിച്ച് സിംഗിൾ ബെഞ്ച് ഹർജി തീർപ്പാക്കിയിരുന്നു.
ഹിയറിങിൽ മറ്റൊരു മകൾ സുജാത മൃതദേഹം വിട്ടു കൊടുക്കാനുള്ള സമ്മതം പിൻവലിച്ചുവെന്ന് ആശ ലോറൻസ് പറഞ്ഞു. മൃതദേഹം ഏറ്റെടുക്കാനുള്ള മെഡിക്കൽ കോളേജ് സമിതിയുടെ തീരുമാനം മുൻ വിധിയോടെയാണെന്നും ലോറൻസ് കൊടുത്തുവെന്ന് പറയുന്ന സമ്മതത്തിന്റെ ആധികാരികതയിൽ സംശയമുണ്ടെന്നും മകൾ ആശ പറഞ്ഞു.