NEWSROOM

എം.എം. ലോറൻസിൻ്റെ മൃതദേഹം വിട്ടുകിട്ടണമെന്ന ആവശ്യം; ആശ ലോറൻസിൻ്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനും ആശുപത്രി സൂപ്രണ്ടിനുമെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും ഹര്‍ജിക്കാർ ആവശ്യപ്പെടുന്നു

Author : ന്യൂസ് ഡെസ്ക്

സിപിഎം നേതാവ് എം.എം. ലോറന്‍സിൻ്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനും പഠനാവശ്യത്തിനായി ഏറ്റെടുക്കാനുമുള്ള കളമശേരി മെഡിക്കല്‍ കോളേജിൻ്റെ തീരുമാനം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനും ആശുപത്രി സൂപ്രണ്ടിനുമെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും ഹര്‍ജിക്കാർ ആവശ്യപ്പെടുന്നു.

എം.എം. ലോറന്‍സിൻ്റെ മൂന്ന് മക്കളില്‍ ഒരാളായ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് വി.ജി. അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിൻ്റെ പരിഗണനയിലുള്ളത്. മെഡിക്കല്‍ കോളേജ് അധികൃതരുടെ തീരുമാനം ആരോഗ്യ വകുപ്പിലെ ഉന്നത അധികാരി പരിശോധിക്കണോ എന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കും.

മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. മകള്‍ ആശ ശവമഞ്ചത്തെ പുണര്‍ന്ന് മൃതദേഹം കൈമാറുന്നത് വിസമ്മതിച്ചു. ആശയെയും മകനേയും ബന്ധുക്കള്‍ ചേര്‍ത്ത് പിടിച്ചുമാറ്റുകയായിരുന്നു. ഇതിന് പിന്നില്‍ ബിജെപിയിലെയും ആര്‍എസ്എസിലെയും ചിലര്‍ ആണെന്നാണ് എം.എം. ലോറന്‍സിന്‍റെ മകന്‍ എം.എല്‍. സജീവ് ആരോപിച്ചിരുന്നു.

SCROLL FOR NEXT