NEWSROOM

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ വിജിലന്‍സ് അന്വേഷണത്തിനുള്ള ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതി വിധി പറയും

മുഖ്യമന്ത്രിയുടെ മകള്‍ എന്ന നിലയിലാണ് എക്‌സാലോജിക് കമ്പനി CMRLല്‍ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നുമാണ് വാദം.

Author : ന്യൂസ് ഡെസ്ക്


മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്‌സാലോജിക്കും കൊച്ചിയിലെ കരിമണല്‍ കമ്പനിയായ CMRLഉം തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാട് വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മൂവാറ്റുപുഴ, തിരുവനന്തപുരം വിജിലന്‍സ് കോടതികള്‍ അന്വേഷണ ആവശ്യം തളളിയിരുന്നു. ഇതിനെതിരെ മാത്യു കുഴല്‍നാടന്‍ എംഎല്‍എയും കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവും സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജികളിലാണ് ജസ്റ്റിസ് കെ. ബാബു വിധി പറയുന്നത്. ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെ ഗിരീഷ് ബാബു മരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെയും യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി തുടങ്ങിയവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജികള്‍.

മുഖ്യമന്ത്രിയുടെ മകള്‍ എന്ന നിലയിലാണ് എക്‌സാലോജിക് കമ്പനി CMRLല്‍ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നുമാണ് വാദം. ഹര്‍ജിയില്‍ മാസങ്ങള്‍ക്കുമുന്‍പ് വാദം പൂര്‍ത്തിയാക്കിയ സിംഗിള്‍ ബെഞ്ച് കേസ് ഉത്തരവിനായി മാറ്റുകയായിരുന്നു.


SCROLL FOR NEXT