image (3) 
NEWSROOM

സ്ത്രീകളിലെ പ്രസവാനന്തര വിഷാദം സ്ഥിരമായ മാനസിക വൈകല്യമല്ല: ഹൈക്കോടതി

ഇത് പലപ്പോഴും താൽക്കാലിക അവസ്ഥയാണെന്ന ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നുണ്ടെന്നും കോടതി നീരീക്ഷിച്ചു

Author : ന്യൂസ് ഡെസ്ക്

പ്രസവാനന്തര വിഷാദമെന്നത് സ്ഥിരമായ മാനസിക വൈകല്യമല്ലെന്ന് ഹൈക്കോടതി. ചില സ്ത്രീകളിൽ വിഷാദം സാധാരണമാണ്. ഇത് പലപ്പോഴും താൽക്കാലിക അവസ്ഥയാണെന്ന ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നുണ്ടെന്നും കോടതി നീരീക്ഷിച്ചു. അമ്മക്ക് കുഞ്ഞിനെ വിട്ടു നൽകാനാവില്ലെന്ന കുടുംബ കോടതി ഉത്തരവിനെതിരെ യുവതി നൽകിയ ഹർജിയിലാണ് ഡിവിഷൻ ബഞ്ച് നിരീക്ഷണം. അമ്മയ്ക്ക് ഒന്നര വയസുള്ള മകളെ വിട്ടു കൊടുക്കാനും കോടതി നിർദേശിച്ചു .

മകളെ പിതാവിൻ്റെ സ്ഥിരം കസ്റ്റഡിയിൽ വിട്ടുകൊടുള്ള കുടുംബകോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. കുഞ്ഞിന് ജന്മം നൽകിയതിന് തൊട്ടുപിന്നാലെ അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം ഉണ്ടെന്ന് സൂചിപ്പിക്കുന്ന മെഡിക്കൽ രേഖകളുടെ അടിസ്ഥാനത്തിലാണ് കുടുംബകോടതി മകളെ പിതാവിൻ്റെ സ്ഥിരം കസ്റ്റഡിയിൽ വിട്ടുകൊടുക്കാൻ ഉത്തരവിട്ടത്.

പ്രസവാനന്തര വിഷാദം ചില സ്ത്രീകളിൽ സാധാരണമാണെന്നും ഇത് സ്ഥിരമായി തുടരുന്ന സാഹചര്യമല്ലെന്നുമുള്ള പഠനങ്ങൾ വിലയിരുത്താതെയാണ് കുടുംബ കോടതി ഉത്തരവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എം ബി സ്നേഹലതയും അടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ഇപ്പോഴും പ്രസവാനന്തര വിഷാദമുണ്ടെന്നും കുട്ടിയെ മുലയൂട്ടാൻ പോലും അമ്മ തയ്യാറല്ലെന്നുമാണ് അച്ഛൻ്റെ വാദം.

വിവാഹമോചനത്തിനുശേഷം, പിതാവ് കുട്ടിയുടെ സ്ഥിരമായ സംരക്ഷണം ആവശ്യപ്പെട്ട് കുടുംബ കോടതിയിൽ ഹർജി നൽകുകയും കോടതി അനുവദിക്കുകയും ചെയ്തു. എന്നാൽ തനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് ആരോപിക്കുന്നതിന് അടിസ്ഥാനമില്ലെന്ന് അമ്മ കോടതിയെ അറിയിച്ചു. മുലയൂട്ടുന്ന അമ്മയിൽ നിന്ന് കുട്ടിയെ നീക്കം ചെയ്യുന്നത് അവർക്ക് ഗുരുതരമായ ആഘാതമുണ്ടാക്കുമെന്നുമായിരുന്നു വാദം. പ്രസവാനന്തരം ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും യുവതിക്ക് നിലവിൽ മാനസിക വൈകല്യങ്ങളൊന്നുമില്ലെന്ന് മെഡിക്കൽ പരിശോധനയിൽ വ്യക്തമാണെന്ന് കോടതി ചൂണ്ടികാട്ടി.

SCROLL FOR NEXT