നടൻമാർക്കെതിരായ ലൈംഗികാതിക്രമ കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. മുകേഷിൻ്റെയും ഇടവേള ബാബുവിൻ്റേയും കേസിൽ അന്വേഷണത്തിൻ്റെ മുന്നോട്ടുപോക്ക് ചർച്ച ചെയ്യാനാണ് പ്രത്യേക അന്വേഷണസംഘം ഇന്ന് യോഗം ചേരുന്നത്. എഡിജിപി എച്ച്. വെങ്കിടേഷിൻ്റെ നേതൃത്യത്തിലാണ് യോഗം.
മുകേഷിനെയും ഇടവേള ബാബുവിനെയും ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാവും. നിവിൻ പോളിക്കെതിരായ പരാതിക്കാരിയുടെ രഹസ്യമൊഴി എടുക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് വിവരം. അതേസമയം, ലൈംഗിക ആരോപണക്കേസിൽ മുകേഷിൻ്റെ മൂൻകൂർ ജാമ്യാപേക്ഷക്കെതിരെ അപ്പീൽ നൽകുന്നതിൽ നിന്ന് പ്രത്യേക അന്വേഷണ സംഘത്തിന് വിലക്ക്. അപ്പീൽ നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കവെയാണ് ആഭ്യന്തര വകുപ്പിൻ്റെ ഇടപെടലുണ്ടായത്.
ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ എറണാകുളം മരട് പൊലീസാണ് മുകേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. എം. മുകേഷ് , ഇടവേള ബാബു എന്നിവർ നൽകിയ മുൻകൂർ ജാമ്യപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസ് രഹസ്യവാദം നടത്തിയാണ് കഴിഞ്ഞ ചൊവ്വാഴ്ച മുൻകൂർ ജാമ്യം നൽകിയത്.
നടിയുടെ പരാതിയെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് മുകേഷ്, ഇടവേള ബാബു തുടങ്ങിയവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. പരാതി കെട്ടിച്ചമച്ചതാണെന്നും തൻ്റെ രാഷ്ട്രീയ-സിനിമാ ഭാവി തകർക്കാനുള്ള ഗൂഢാലോചന ആണെന്നും മുകേഷ് പറഞ്ഞിരുന്നു.