കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെട്ട ജനപ്രതിനിധികളുടെ അനുകൂല്യങ്ങൾ എടുത്തു കളയുന്ന ഭേദഗതി ബിൽ അവതരിപ്പിച്ച് ഹിമാചൽ പ്രദേശ് സർക്കാർ. എംഎൽഎമാരുടെ പെൻഷനുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിർത്തലാക്കണമെന്നാണ് ബില്ലിലെ പ്രധാന അജണ്ട. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ ലംഘിക്കുന്ന ജനപ്രതിനിധികൾക്കെതിരെ നടപടിയെടുക്കാൻ പുതിയ നിയമം വേണമെന്ന ആവശ്യവും ഹരിയാന നിയമസഭയിൽ ഉയർന്നു.
മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവാണ് ഹിമാചൽ പ്രദേശ് നിയമസഭ ഭേദഗതി ബിൽ 2024 അവതരിപ്പിച്ചത്. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം ഏതെങ്കിലും ഘട്ടത്തിൽ അയോഗ്യരാക്കപ്പെട്ടിട്ടുണ്ടെങ്കിൽ, നിയമപ്രകാരം ഒരു വ്യക്തിക്ക് പെൻഷന് അർഹതയില്ല എന്ന് ബിൽ വ്യവസ്ഥ ചെയ്യുന്നു.
വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് പാർട്ടി വിപ്പ് ലംഘിച്ചതിന് സുധീർ ശർമ, രവി താക്കൂർ, രജീന്ദർ റാണ, ഇന്ദർ ദത്ത് ലഖൻപാൽ, ചേതന്യ ശർമ, ദേവീന്ദർ കുമാർ എന്നീ ആറ് കോൺഗ്രസ് എംഎൽഎമാരെ ഈ വർഷം ആദ്യം അയോഗ്യരാക്കിയിരുന്നു. സുധീർ ശർമയും ഇന്ദർ ദത്ത് ലഖൻപാലും ഉപതെരഞ്ഞെടുപ്പിലൂടെ തങ്ങളുടെ സീറ്റ് തിരിച്ചുപിടിച്ചെങ്കിലും മറ്റ് നാലുപേർക്ക് വീണ്ടും തെരഞ്ഞെടുപ്പ് ഉറപ്പിക്കാനായില്ല. ആറ് പേരും കഴിഞ്ഞ ഫെബ്രുവരി 27 ന് നടന്ന രാജ്യസഭാ വോട്ടെടുപ്പിൽ ബിജെപി അംഗമായ ഹർഷ് മഹാജനെ പിന്തുണച്ചതോടെയാണ് അയോഗ്യരാക്കപ്പെട്ടത്.
1971 ലെ നിയമത്തിൽ ഭരണഘടനാപരമായ തെറ്റുകളിൽ നിന്ന് ജനപ്രതിനിധികളെ പിന്തിരിപ്പിക്കാനും ജനങ്ങൾ നൽകിയ ജനവിധി സംരക്ഷിക്കാനുള്ള വ്യവസ്ഥ ലംഘിക്കപ്പെടുന്നതിനാൽ പുതിയ ഭേദഗതി ആവശ്യമാണെന്നും നിയമസഭയിൽ അംഗങ്ങൾ വ്യക്തമാക്കി.
അതേസമയം ഹിമാചൽ പ്രദേശിൻ്റെ സാമ്പത്തിക വ്യവസ്ഥയിൽ ഉയരുന്ന ആശങ്കകൾക്കിടയിൽ, സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പളവും പെൻഷനും ഇനി അഞ്ചാം തീയതി വരെ വൈകുമെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു പറഞ്ഞു. ഇതുവഴി സംസ്ഥാനത്തിന് പ്രതിവർഷം 36 കോടി രൂപ ലാഭിക്കാൻ കഴിയുമെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകുന്നതിന് ഹ്രസ്വകാല വായ്പകൾ എടുക്കുന്നത് ഒഴിവാക്കാൻ ഈ നടപടി അനിവാര്യമാണെന്നും സുഖ്‌വീന്ദർ സിംഗ് പറഞ്ഞു.